ലോക് ഡൗണിൽ വൈദ്യുതി മോഷണം കൂടി

Thursday 18 November 2021 12:00 AM IST

കോട്ടയം: ബോധവത്ക്കരണങ്ങൾ തുടരുമ്പാഴും ജില്ലയിൽ വൈദ്യുതി മോഷണത്തിനും ദുരുപയോഗത്തിനും കുറവില്ല. ഈ വർഷം ഒക്ടോബർ 31 വരെ ജില്ലയിൽ 80 വൈദ്യുതി മോഷണക്കേസുകളാണ് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് കണ്ടെത്തിയത്. പിഴയായി 26 ലക്ഷത്തോളം രൂപ ഈടാക്കുകയും ചെയ്തു.

രഹസ്യവിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്നയിടങ്ങളിലും മാത്രമേ പരിശോധനകൾ നടക്കാറുള്ളൂ. കൃത്രിമം നടത്തി ബോർഡിനെ കബളിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിൽ സാധാരണക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുണ്ട്. വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം. സാങ്കേതിക പരിജ്ഞാനമുള്ള എൻജിനിയറിംഗ് വിദ്യാർത്ഥികളടക്കം മോഷണത്തിന് കൂട്ടുനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്‌ക്വാഡ് അംഗങ്ങൾ

അസി.എക്‌സിക്യുട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ അസി.എൻജിനിയർ, സബ് എൻജിനിയർ, ഒരു പൊലീസുകാരൻ എന്നിവരടങ്ങിയതാണ് സ്‌ക്വാഡ്. പരിശോധനാ സംഘത്തിനുനേരെ കൈയ്യേറ്റമടക്കമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തരവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിലാണ് പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത്.

മോഷണം കൂടി

2019-20 സാമ്പത്തിക വർഷം വൈദ്യുതി മോഷണത്തിന് 11 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് പിഴയായി 10.06 ലക്ഷം രൂപയും ഈടാക്കി. 2020-21 സാമ്പത്തിക വർഷം കേസിന്റെ എണ്ണം 10 ആയെങ്കിലും പിഴത്തുക 10.61 ലക്ഷമായി ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം 80 മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ലോക്ക് ഡൗൺ അടക്കമുള്ള സമയങ്ങളിൽ വൈദ്യുതി മോഷണം വ്യാപകമായിരുന്നെന്ന നിഗമനത്തിലാണ് കെ.എസ്.ഇ.ബി. ആദ്യതവണ വൈദ്യുതി മോഷണം കണ്ടെത്തുന്നവരിൽനിന്ന് പിഴ ഈടാക്കും. തുടർന്നാൽ വൈദ്യുതി വിച്ഛേദിച്ച് കേസ് രജിസ്റ്റർ ചെയ്യും.


നഷ്ടത്തിന് കാരണം

വൈദ്യുതിവിതരണത്തിലെ 15% നഷ്ടത്തിൽ 10 ശതമാനവും മോഷണം വഴി

കേടായ മീറ്ററുകൾ ഉപയോഗിക്കുന്നതും വൈദ്യുതി നഷ്ടമുണ്ടാക്കുന്നുണ്ട്

കൂടുതൽ ലോഡ് വേണ്ടപ്പോൾ അനുമതി നേടാത്തതും മോഷണത്തിൽപെടും

'' രഹസ്യ കത്തുകളിലൂടെയാണ് പലപ്പോഴും വിവരം ലഭിക്കുന്നത്. പെട്ടെന്ന് തുക കുറയുന്ന ബില്ലുകൾ തുടർച്ചയായി നിരീക്ഷിക്കുകയും ഇത്തരം വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തുകയും ചെയ്യും'

- ആന്റിപവർ തെഫ്റ്റ് സ്‌ക്വാഡ്

 10 മാസം, പിഴ 25.80ലക്ഷം

Advertisement
Advertisement