അരിമാവ് പശയുമായി ചേർത്തുണ്ടാക്കിയ നൂല്, ക്ഷമയുടെ നെല്ലിപ്പലക കാണും: ഐശ്വര്യറായിക്ക് വേണ്ടി തിരുവനന്തപുരത്ത് നെയ്യുന്ന സാരിയെ കുറിച്ചറിയാം

Wednesday 17 November 2021 9:33 PM IST

കോവളം: ലോകസുന്ദരി ഐശ്വര്യറായിക്ക് അഴകേകാൻ കൈത്തറി നാട്ടിൽ വീണ്ടും കലാകേളി സാരി ഒരുങ്ങുന്നു. ബാലരാമപുരം പയറ്റുവിളയിലുള്ള പുഷ്പാ ഹാൻഡ് ലൂമിലാണ് രണ്ടാംതവണയും ഐശ്വര്യയ്ക്കായി സാരി ഒരുങ്ങുന്നത്. 10 വർഷങ്ങൾക്ക് മുമ്പും ഐശ്വര്യ ഇവിടെ നിന്ന് കലാകേളി ഇനത്തിൽപ്പെട്ട സാരി വാങ്ങിയിരുന്നു.

പയറ്റുവിള പുലിയൂർക്കോണം സ്വദേശി ശിവനാണ് (45)​ കലാകേളി സാരിയുടെ ഡിസൈനർ. അഞ്ചരമീറ്റർ നീളവും 48 ഇഞ്ച് വീതിയുള്ള സാരി കേരളത്തിലെ കൈത്തറി മേഖലയുടെ പ്രൗഢി വിളിച്ചോതുന്നതാണ്. കരയുടെ ഉള്ളിലായി 8 ഇഞ്ച് ഉയരത്തിലും 6 ഇഞ്ച് വീതിയിലും കഥകളിയുടെ 4 രൂപങ്ങളാണ് നെയ്യുന്നത്. ഒക്ടോബർ 14 മുതലാണ് സാരിയുടെ ജോലികൾ ആരംഭിച്ചത്. ഒരു മീറ്ററോളം നെയ്തു കഴിഞ്ഞു. 42 ദിവസമാണ് ഒരു സാരി നെയ്യാൻ ആകെ വേണ്ടത്. ഒറിജിനൽ കസവ്, കോട്ടൺ കളർ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഓരോ ഇഴയും കൈകൾ കൊണ്ട് വളരെ സൂക്ഷ്മതയോടെയാണ് നെയ്തെടുക്കുന്നതെന്ന പ്രത്യേകതയും കലാകേളിക്കുണ്ട്.

കലാവിരുതിന്റെ മകുടോദാഹരണം

കലാകേളി സാരിയിൽ കഥകളിയുടെ രൂപങ്ങൾ ഇരുവശത്തും ഒരുപോലെ കാണാൻ സാധിക്കും. അരിമാവ് പശയുമായി ചേർത്ത് പരുവപ്പെടുത്തിയ പ്രത്യേക കോട്ടൺ നൂലാണ് ഇതിനായി ഉപയോഗിക്കുന്നത്. ദീർഘകാലം ഈടുനിൽക്കും എന്നതും മറ്റൊരു പ്രത്യേകതയാണ്. യാതൊരുവിധ രാസവസ്തുക്കളും നിർമ്മാണത്തിന് ഉപയോഗിക്കാറില്ലെന്നും നെയ്ത്തുകാർ പറയുന്നു. കലാബോധവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ പാരമ്പര്യ കൈത്തറിയിലൂടെ ഇത്തരമൊരു സാരി നെയ്തെടുക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്.

തേടിയെത്തിയത് നിരവധി പുരസ്കാരങ്ങൾ

1993ൽ ദേശീയതലത്തിലും 1995ൽ തമിഴ്നാട് കോ ഓപ്ടെക്സിന്റെ പ്രദർശനത്തിലും ഇവിടെ നിന്ന് നെയ്‌തെടുത്ത സാരികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കലാകേളി സാരിയെ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചും പുഷ്പാ ഹാൻഡ് ലൂം ആലോചിച്ചുവരികയാണ്.

കരകയറാൻ കൈത്തറി

കലാകേളി സാരിയിലൂടെ കൊവിഡിൽ സ്തംഭനാവസ്ഥയിലായ കൈത്തറി മേഖലയ്ക്ക് പുത്തൻ ഉണർവേകാനാകുമെന്നും കൂടുതൽ പേരെ നെയ്ത്തിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നുമാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. പാരമ്പര്യ നെയ്‌ത്തുകാരെ സംരക്ഷിക്കുന്നതിനും പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്. വിദേശത്ത് ഏറെ സാദ്ധ്യതയുള്ള കൈത്തറി മേഖലയുടെ ഉണർവിന് സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്നാണ് നെയ്ത്തുകാർ ആവശ്യപ്പെടുന്നത്.

Advertisement
Advertisement