ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം: തീരുമോ തൊഴിലാളി ദുരിതം

Wednesday 17 November 2021 9:39 PM IST
ഖാദി കൈത്തറി പ്രചരണത്തിനായി കണ്ണൂർ കാൽ ടെക്‌സിൽ സ്ഥാപിച്ച കരിങ്കൽ ഫലകം

കണ്ണൂർ: സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ നിർബന്ധമായും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രം ധരിക്കണമെന്ന സർക്കാർ നിർദേശം നടപ്പായാൽ ആശ്വാസമാകുന്നത് ഈ രംഗത്തെ പതിനായിരത്തോളം തൊഴിലാളികൾക്ക് . കൊവിഡിൽ കുടുങ്ങി വീടും സ്വത്തും പണയത്തിലായ ഇവരിൽ പലരുടേയും പ്രതീക്ഷ ഇതുമാത്രമാണ്.

കൈത്തറി സംഘങ്ങളെ പ്രോൽസാഹിപ്പിക്കാൻ നിരവധി ആശ്വാസ പദ്ധതികൾ സർക്കാർ നടപ്പാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിരുന്നില്ല. 2010ൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ലക്ഷങ്ങൾ മുടക്കി കൂറ്റൻ ശിലാഫലകങ്ങൾ വരെ സ്ഥാപിച്ച് ബോധവത്കരണം നടത്തിയിരുന്നു. എന്നാൽ ഇവ വെറും സ്മാരക ശിലകൾ മാത്രമായി അവശേഷിക്കുകയാണ്.സഹകരണ സംഘങ്ങൾ സംരക്ഷിക്കമെന്ന് സർക്കാർ വാഗ്ദാനം നൽകുന്ന സാഹചര്യത്തിലാണ് ജില്ലയിലെ കൈത്തറി സംഘങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നത്.

സാധാരണ ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന റിബേറ്റ് മേളകൾ സംഘങ്ങൾക്ക് ആശ്വാസം നൽകുന്നതായിരുന്നു.എന്നാൽ ഇത്തവണ അതും കൊവിഡ് തകർത്തെറിഞ്ഞു. വിൽപ്പന പകുതി പോലും ഇത്തവണ കിട്ടിയില്ല. റിബേറ്റ് മേളകളിൽ സാധാരണ 15 ലക്ഷം മുതൽ ഒരു കോടി വരെ വിറ്റ് വരവുണ്ടാകുന്ന സംഘങ്ങളാണ് മിക്കവയും.സാധാരണ തൊഴിലാളികളുടെ കൂലി നൽകിവരുന്നത് സർക്കാർ അനുവദിക്കുന്ന വിഹിതവും സംഘം വിഹിതം ചേർത്താണ് .

തുണയ്ക്കാതെ സ്കൂൾ യൂണിഫോം

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കാവശ്യമായ യൂണിഫോം തുണികൾ കൈത്തറി സഹകരണ സംഘങ്ങളാണ് നൽകുന്നത്. ഇത്തവണ സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാൻ നെയ്ത് വച്ച തുണിത്തരങ്ങൾ എല്ലാ സംഘങ്ങളിലും കെട്ടിക്കിടക്കുകയുമാണ്. ജില്ലയിലെ 42 സംഘങ്ങളിൽ 36 സംഘങ്ങളും ഇതേ തുടർന്ന് തകർച്ചയുടെ വക്കിലാണ്. സംഘങ്ങളുടെ ഉത്പാദന ക്ഷമതയനുസരിച്ച് 25 ലക്ഷം രൂപ മുതൽ 10 കോടി രൂപ വരെയുള്ള സാധനങ്ങളാണ് വിവിധ സംഘങ്ങളിൽ കെട്ടിക്കിടക്കുന്നത്.

പി.എഫും ഇ. എസ്. ഐയും മുടങ്ങി

പ്രൊവിഡന്റ് ഫണ്ട്, ഇ.എസ്.ഐ. ഫണ്ട് മുതലായവ കൃത്യമായി അടക്കാൻ പോലും സംഘങ്ങൾക്ക് സാധിക്കാത്ത അവസ്ഥ തുടരുകയാണ്. ഇതു കാരണം വിരമിക്കുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകുവാൻ മിക്ക സംഘങ്ങൾക്കും സാധിക്കുന്നില്ലയെന്നതാണ്.സർക്കാറിലേക്ക് അടക്കുന്ന ഫണ്ടുകൾ കൃത്യമായി എടുക്കാത്ത പക്ഷം 38 ശതമാനം പിഴപ്പലിശ അടച്ചാൽ മാത്രമെ ആനുകൂല്യങ്ങൾ നിലനിർത്തുവാൻ സാദ്ധ്യമാവൂ. കൂടാതെ ദീർഘനാൾ തുണിത്തരങ്ങൾ സംഘങ്ങളുടെ ഗോഡൗണുകളിൽ കെട്ടിക്കിടന്നാൽ കാലപ്പഴക്കം നേരിട്ട് കടുത്ത നഷ്ടത്തിലേക്ക് വഴിതെളിയിക്കുവാനും സാദ്ധ്യതയുണ്ട്-

Advertisement
Advertisement