ആരാധനാ മഹോത്സവനിറവിൽ പയ്യന്നൂർ: ടി. എസ്. മോഹൻദാസ് പതിനാലാം വർഷവുമെത്തി പെരുമാളിന്റെ നടയിൽ

Wednesday 17 November 2021 10:03 PM IST
ടി. എസ്. മോഹൻദാസ്

പയ്യന്നൂർ: ഉത്തര മലബാറിലെ പഴനിയെന്ന ഖ്യാതി നെഞ്ചിലേറ്റിയ പയ്യന്നൂരിൽ നാദസ്വര സംഗീതത്തിന്റെ മധുര സ്പർശവുമായി ഇക്കുറിയും തഞ്ചാവൂർ സ്വദേശിയായ ടി .എസ് മോഹൻദാസും സംഘവുമെത്തി .കഴിഞ്ഞ പതിനാല് വർഷത്തിലധികമായി ആരാധന നാളുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മോഹൻദാസ്. ഓരോ വർഷവും പെരുമാൾക്കുള്ള കാണിക്കയായി നാദസ്വരം വായിക്കുമ്പോഴും ക്ഷേത്ര സന്നിധി ഭക്തിയുടേയും കലയുടേയും സമന്വയ വേദിയായി മാറുന്നു .

തൃവയ്യാരു നാദസ്വര സ്‌കൂളിൽ ടി .ആർ സോമസുന്ദരത്തിന് കീഴിൽ നാദസ്വര സംഗീതം അഭ്യസിച്ച ഇദ്ദേഹം പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് പുറമേ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും കച്ചേരി നടത്തിയിട്ടുണ്ട് .നാദസ്വര സംഗീത രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഇദ്ദേഹത്തോടുള്ള ആര സൂചകമായി തമിഴ് നാട് സർക്കാർ കലൈ മാമണി പുരസ്‌കാരം നൽകിയിരുന്നു .കൂടാതെ പൊള്ളാച്ചി തമിഴ് അമ്പലം അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .ഭാര്യയായ മഹാലക്ഷ്മി, മക്കളായ മങ്കേയതരമ്പി, മദൻ കുമാർ എന്നിവരോടൊപ്പം തഞ്ചാവൂരിലെ തിരുപ്പന്തലിൽ താമസിക്കുന്ന മോഹൻദാസിന്റെ കീഴിൽ
നിലവിൽ ഒട്ടനവധി ശിഷ്യന്മാരും നാദസ്വരം അഭ്യസിച്ചു വരുന്നുണ്ട് .

Advertisement
Advertisement