സി.എ.ജിയും സർക്കാരും

Thursday 18 November 2021 12:00 AM IST

രാജ്യത്ത് സി.എ.ജി നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കുന്ന പ്രഥമ ഓഡിറ്റ് ദിവസ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സർക്കാരും സി.എ.ജിയും തമ്മിലുള്ള ഏറ്റുമുട്ടൽ മനോഭാവം മാറിയെന്നാണ്. എന്നാൽ അതേദിവസം സംസ്ഥാന രാജ്‌ഭവനിൽ നടന്ന ചാൻസലേഴ്സ് അവാർഡ്‌ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി.എ.ജിയെ പേരെടുത്ത് പറയാതെയാണെങ്കിലും രൂക്ഷമായി വിമർശിക്കുകയാണ് ഉണ്ടായത്. രണ്ട് നേതാക്കന്മാരുടെയും അഭിപ്രായങ്ങൾ വ്യത്യസ്ത വീക്ഷണ ദിശകൾ പുലർത്തുന്നതാണെങ്കിലും രണ്ടിലും സത്യത്തിന്റെ പൊട്ടും പൊടിയും വീണുകിടപ്പുണ്ട്. ഒരു സർക്കാർ സ്ഥാപനത്തെ ഓഡിറ്റിംഗിന് വിധേയമാക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.എ.ജി രൂപീകരിക്കപ്പെട്ടത്. രാഷ്ട്രീയമായ എല്ലാ ഇടപെടലിനും അതീതമാണ് സി.എ.ജി എന്നാണ് സങ്കല്പം. പക്ഷേ സ്വാതന്ത്ര്യത്തിനു ശേഷം സി.എ.ജിയുടെ ഓഡിറ്റിംഗും തുടർന്ന് നടത്തുന്ന നിഗമനങ്ങളും അഭിപ്രായങ്ങളും സർക്കാർ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള ഗമനത്തിന് ഗതിവേഗം കൂട്ടാനാണോ കുറയ്ക്കാനാണോ ഉതകിയത് എന്നത് വിശദമായി പഠിക്കേണ്ട വിഷയമാണ്. ഏറ്റുമുട്ടൽ മനോഭാവം മാറി എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം വളരെക്കാലം കുറ്റംകണ്ടുപിടിക്കാനുള്ള കണ്ണോടുകൂടിയാണ് സി.എ.ജി വിലയിരുത്തലുകൾ നടത്തിയിരുന്നതെന്ന് പറയാതെ പറയുന്നുണ്ട്. ഉൗതിപ്പെരുപ്പിച്ച ചില വിലയിരുത്തലുകൾ വലിയ വാർത്താപ്രാധാന്യം നേടുകയും സുപ്രീംകോടതി വരെ എത്തിയ കേസുകൾക്കും രാജ്യത്തിന്റെ പുരോഗതി തന്നെ വൈകിപ്പിച്ച സംഭവങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 2 ജി സ്‌പെക്‌ട്രം വിന്യാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിന് കോൺഗ്രസ് എം.പിയോട് മുൻ സി.എ.ജി വിനോദ് റായിക്ക് മാപ്പ് പറയേണ്ടിവന്നത് അടുത്തിടെയാണ്. ഇതിൽനിന്ന് നമ്മൾ മനസിലാക്കേണ്ടത് തെറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമല്ല സി.എ.ജിക്കും പറ്റാം എന്നാണ്. ആരും തെറ്റിന് അതീതരല്ല. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാനുള്ള ശക്തിയും ഉൗർജ്ജവുമാണ് സി.എ.ജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ നൽകേണ്ടത്. അപ്പോൾ മാത്രമേ അക്കൗണ്ടുകൾ പരിശോധിക്കുന്നതിനൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലും ഉത്‌‌പാദനക്ഷമതയിലും മൂല്യവർദ്ധന നടത്താൻ കഴിയൂ. ആധുനിക നടപടിക്രമങ്ങൾ സ്വീകരിച്ച് സി.എ.ജി ഇതിനായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അനലറ്റിക്സ് ടൂളുകളും ജിയോ സ്പെഷ്യൽ ഡാറ്റയും സാറ്റലൈറ്റ് ഇമേജറിയും മറ്റും സി.എ.ജി ഇപ്പോൾ ഉപയോഗിക്കുന്നു. അതിനാൽ സി.എ.ജിയുടെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് സർക്കാർ മാറ്റങ്ങൾ വരുത്തുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഥകളിലൂടെയാണ് ചരിത്രം എഴുതപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡാറ്റ എന്നത് അതിപ്രധാനമാണ്. വരും കാലത്ത് ഡാറ്റ ചരിത്രത്തെ ഭരിക്കുമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചത് സി.എ.ജിക്ക് വരുംകാലത്തേക്കുള്ള വിലപ്പെട്ട ഉപദേശം കൂടിയാണ്.

ഇതു തന്നെയാണ് മറ്റൊരു രീതിയിൽ മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയത്. ഓഡിറ്റ് റിപ്പോർട്ടുകളിൽ കിഫ്‌ബിക്കെതിരെ നിലപാടെടുത്ത സി.എ.ജിയെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി കേരളം അല്പമെങ്കിലും പിന്നോട്ട് പോയാൽ ആശ്വാസവും സന്തോഷവും തോന്നുന്ന സാഡിസ്റ്റ് മനോഭാവമാണ് കുറ്റപ്പെടുത്തലുകളിൽ നിഴലിക്കുന്നതെന്ന് വ്യക്തമാക്കി. പ്രശംസാവചനങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും സി.എ.ജി പാഠം പഠിച്ചാൽ അതിന്റെ ഗുണം ലഭിക്കുക രാജ്യത്തിനാണ്.

Advertisement
Advertisement