ആര്യനാട് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം തകർച്ചയിലേയ്ക്ക് വില്ലനായി പാഴ്‌ച്ചെടികൾ

Thursday 18 November 2021 12:08 AM IST

ആര്യനാട്: ആര്യനാട് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം തകർച്ചയുടെ വക്കിൽ. ഓഫീസിന്റെ ടെറസിൽ മരങ്ങളും ചെടികളും വളർന്നു വേരുകൾ ചുമരിലേയ്ക്കുപിടിച്ചു കഴിഞ്ഞു. മഴക്കാലമായതോടെ ചുമരുകളിലൂടെ വെള്ളമിറങ്ങി ഓഫീസിനകം ചോർന്നു തുടങ്ങി.

കാൽ നൂറ്റാണ്ടുകാലത്തെ പഴക്കമുള്ള കെട്ടിടത്തിന് മെയിന്റനൻസ് നടത്താത്തതാണ് ഓഫീസിനെ നാശത്തിലേയ്ക്ക് നയിക്കുന്നതെന്നാണ് പരാതി. ദിനംപ്രതി നൂറുകണക്കിനാളുകൾ വന്നുപോകുന്ന ഗവ. ഓഫീസ് ഈ സ്ഥിതി തുടർന്നാൽ പൂർണ്ണ തകർച്ചയ്ക്ക് അധികകാലം വേണ്ടിവരില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

രജിസ്ട്രേഷൻ സമ്പ്രദായം ആരംഭിച്ചകാലം മുതലുള്ള തലസ്ഥാന ജില്ലയിലെ വിവിധ വില്ലേജുകളിലെ കൈമാറ്റങ്ങൾ രജിസ്റ്റർ ഉൾപ്പടെ ഭൂമിസംബന്ധമായ നിർണ്ണായക രേഖകളാണ് ആര്യനാട് ഓഫീസിൽ സൂക്ഷിക്കുന്നത്. കെട്ടിടം അറ്റകുറ്റപണി നടത്തി സംരക്ഷിക്കണമെന്നും, ഭിന്നശേഷിക്കാർക്ക് ഓഫീസിലേയ്ക്ക് സുഗമമായി എത്താൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും പൊതുപ്രവർത്തകരും നിരവധി തവണഅധികൃതർക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഓഫീസിന്റെ പരിസരം മുഴുവൻ പേപ്പറ്റുകളും ചവറുകളും നിറഞ്ഞ് കൊതുകുകളുടെയും ഇഴജന്തുക്കളുടെയും താവളമായി തീർന്നിരിക്കുകയാണ്.

**

ആര്യനാട്, തൊളിക്കോട്, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട് തുടങ്ങിയ പഞ്ചായത്തുകളിൽ ആദ്യകാലങ്ങളിൽ രജിസ്ട്രേഷനെ ആശ്രയിച്ചിരുന്നത് ആര്യനാട് സബ് രജിസ്ട്രാർ ഓഫീസിനെയാണ്. അതുകൊണ്ടുതന്നെ പല പ്രധാന മുൻ പ്രമാണങ്ങളും വിലപിടിപ്പുള്ള രേഖകളും ഇവിടെയാണുള്ളത്. വളരെ വിപുലമായ സൗകര്യത്തിലാണ് ഓഫീസ് സംവിധാനം ഓരുക്കി ആര്യനാട് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ ഫയലുകൾ നശിച്ചാൽ പഴയകാല റിക്കോർഡുകൾ സംഘടിപ്പിച്ചെടുക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാകും.

** പ്രതിഷേധവും ശക്തം

സർക്കാർ ഓഫീസാണെങ്കിലും കെട്ടിടത്തിന് മുകളിൽ വലിയതോതിൽ ആൽ, അൽപ്പീസ്, പൊടിയനി, വേങ്ങ തുടങ്ങിയ വൃക്ഷത്തൈകൾ വളരുമ്പോൾ ക്രമേണ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകും. ഇവിടെ സബ് രജിസ്ട്രാർ ഉൾപ്പടെ നിരവധി ജീവനക്കാരാണുള്ളത്. ഇത്രയും പേർ ജോലിചെയ്യുന്നതും ദിനംപ്രതി ധാരാളം ആളുകൾ വന്നുപോകുന്നതുമായ കെട്ടിടവും പരിസരവും പോലും ശുചീകരിക്കാനോ ഭീതിപരത്തി വളരുന്ന ചെടികൾ വെട്ടിമാറ്റാനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.