മഴയെ തുടർന്ന് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നു
Thursday 18 November 2021 12:50 AM IST
തൃശൂർ: ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നല മുതൽ വീണ്ടും തുറന്നു. ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും അതിരപ്പിള്ളി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മഴവെള്ളപാച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിന്റെയും അടിസ്ഥാനത്തിലാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ കളക്ടർ നിർദ്ദേശം നൽകിയത്. അതിരപ്പിള്ളി, വാഴച്ചാൽ, പീച്ചി, വിലങ്ങൻകുന്ന്, വാഴാനി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ രാവിലെ തുറന്നു. രാവിലെ മുതൽ സഞ്ചാരികളെ പ്രവേശിപ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ജില്ലയിലെ ഡാമുകളിലേക്കുള്ള ജലനിരപ്പ് കുറഞ്ഞതോടെ ഷട്ടറുകൾ ഉയർത്തിയത് ക്രമാതീതമായി കുറച്ചു വരികയാണ്.