'ഒരടി" ആശ്വാസത്തിൽ കുട്ടനാട്

Thursday 18 November 2021 12:59 AM IST

ആലപ്പുഴ : തുടർച്ചയായ രണ്ടാം പകലും മഴ മാറിനിന്നതോടെ കുട്ടനാട്ടിൽ ജലനിരപ്പ് ഒരടിയോളം കുറഞ്ഞു. എന്നാൽ വീടുകളിലെ വെള്ളം പൂർണമായി ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് ഇനിയും നീളും. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കുട്ടനാട്ടിൽ 310 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളം ഇറങ്ങാത്തതിനാൽ ഇന്നലെയും കെ.എസ്.ആർ.ടി.സി സർവീസുകൾ ഭാഗികമായാണ് നടത്തിയത്. കാവാലം, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം എന്നിവിടങ്ങളിലെല്ലാം അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. ഈ വർഷം ആറുതവണയാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം നേരിട്ടത്. പമ്പാ നദിതീരത്തോടു ചേർന്നു കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി നടത്തുന്ന കർഷകർ ആശങ്കയിലാണ്.വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും മഴ തുടർന്നാൽ പുഞ്ചകൃഷിക്കു പ്രാരംഭ നടപടിയാരംഭിച്ച പാടങ്ങൾ വീണ്ടും വെള്ളത്തിൽ മുങ്ങാനിടയുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാടങ്ങൾ വീണ്ടും പമ്പിംഗ് നടത്തി കൃഷി തുടരുമ്പോഴാണു നിനച്ചിരിക്കാതെ മഴ ശക്തി പ്രാപിച്ചത്. അപ്പർകുട്ടനാട്ടിലെ എടത്വാ, തകഴി പഞ്ചായത്തുകളിലും നിരവധി വീടുകൾ വെള്ളത്തിലാണ്.

Advertisement
Advertisement