പിടിക്കപ്പെട്ടാൽ വധശിക്ഷ,​ സ്‌ക്വിഡ് ഗെയിം ഒളിച്ചുകണ്ട് ഉത്തരകൊറിയക്കാർ

Thursday 18 November 2021 2:07 AM IST

പോംങ്യാംഗ്: നെറ്റ്ഫ്ളിക്സിലൂടെ ലോകമെമ്പാടും പ്രേക്ഷക ലക്ഷങ്ങളെ ഹരം കൊള്ളിച്ച വെബ് സീരീസാണ് സ്‌ക്വിഡ് ഗെയിം. സെപ്റ്റംബർ മാസം റിലീസായ ഈ ദക്ഷിണ കൊറിയൻ സീരീസ് ആദ്യ നാല് ആഴ്ചകൾ കൊണ്ട് 161 കോടി ആളുകളാണ് കണ്ടത്. അതേ സമയം ഈ സീരീസിന് ദക്ഷിണകൊറിയയുടെ അയൽ രാജ്യമായ ഉത്തരകൊറിയയിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്തുനിന്നുമുള്ള പ്രത്യേകിച്ച് ദക്ഷിണകൊറിയയിൽ നിന്നുള്ള വിനോദപരിപാടികൾ ഉത്തരകൊറിയയിലുള്ളവർ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് അവരെ കാത്തിരിക്കുന്നത്. എന്നാൽ ലോകമെമ്പാടും തരംഗമായ സ്‌ക്വിഡ് ഗെയിം ജീവൻ പണയം വെച്ചും കാണാൻ ഉത്തരകൊറിയക്കാർ തയ്യാറായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

കള്ളക്കടത്ത് നടത്തിയെത്തിച്ച പകർപ്പുകൾ വഴിയാണ് ഹിറ്റ് നെറ്റ്ഫ്ളിക്സ് പരമ്പര ഉത്തരകൊറിയയിൽ തരംഗമാകുന്നത്. സ്‌ക്വിഡ് ഗെയിമിന്റെ ആയിരക്കണക്കിന് അനധികൃത കോപ്പികളാണ് രാജ്യത്ത് വിറ്റഴിയുന്നതെന്നാണ് വിവരം.

വലിയ സമ്മാനത്തുകയ്ക്ക് വേണ്ടി അപകടകരമായ ഒരു മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കാൻ വേണ്ടി ഏതറ്റം വരെ പോകുന്നതുമാണ് സ്‌ക്വിഡ് ഗെയിം എന്ന സീരീസിന്റെ ഇതിവൃത്തം. യു.എസ്.ബി ഡ്രൈവുകൾ,​ എസ്.ഡി കാർഡ് എന്നിവ വഴിയാണ് സീരീസ് ഉത്തര കൊറിയയിലേക്ക് എത്തിക്കുന്നത്. പോർട്ടബിൾ മീഡിയ പ്ലെയറുകളുടെ സഹായത്തോടെയാണ് രാത്രി പുതപ്പിനടിയിൽ ഒളിച്ചിരുന്നാണ് ജനങ്ങൾ ഇത് കാണുന്നതെന്നാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.