യു.എന്നിൽ പാകിസ്ഥാനെതിരെ ഇന്ത്യ ഭീകരാക്രമണങ്ങൾക്ക് തിരിച്ചടി തീർച്ച

Thursday 18 November 2021 2:10 AM IST

ന്യൂയോർക്ക് : ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നയത്തെ രൂക്ഷമായി വിമർശിച്ച് യു.എൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും അവർക്ക് സാമ്പത്തിക സഹായവും നല്കുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് പാകിസ്ഥാൻ. നിലവിൽ ഇന്ത്യയ്‌ക്കെതിരെ അസത്യപ്രചാരണത്തിനായി ഐക്യരാഷ്ട്ര സഭയുടെ വേദികൾ ഉപയോഗപ്പെടുത്തുകയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ കൗൺസിലറാണ് ഡോ.കാജൽ ഭട്ട് പറഞ്ഞു. രജ്യാന്തര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം പ്രതിരോധ നയതന്ത്രത്തിലൂടെ..' എന്ന വിഷയവുമായി ബന്ധപ്പെട്ട് പതിനഞ്ചംഗ സമിതിയുടെ ചർച്ചയിൽ ഇസ്ലാമാബാദ്, കാശ്മീർ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.

കാശ്മീർ വിഷയം ഉന്നയിച്ച പാക് പ്രതിനിധിക്കുള്ള മറുപടിയിലാണ് ഇന്ത്യ പാക് നയങ്ങളെ വിമർശിച്ചത്. പാകിസ്ഥാന്റെ ദുരവസ്ഥയിൽനിന്ന് ലോക ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അയൽ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അതിന് ഭീകരവാദവും അക്രമവുമില്ലാത്ത സാഹചര്യം അത്യാവശ്യമാണ്. പാകിസ്ഥാൻ അത്തരത്തിലൊരു സാഹചര്യം ഉറപ്പാക്കുന്നത് വരെ അതിർത്തിയിലെ ഭീകരാക്രമണങ്ങൾക്കെതിരെ ഇന്ത്യ കനത്ത തിരിച്ചടി നല്കുമെന്ന് കാജൽ പറഞ്ഞു.

ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്നും കാജൽ കൂട്ടിച്ചേർത്തു. അതിനാൽ എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഒഴിഞ്ഞ് പോകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Advertisement
Advertisement