അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യ സഹായമെത്തിക്കും

Thursday 18 November 2021 2:58 AM IST

  • ഗോതമ്പ് പാകിസ്ഥാനിലൂടെ കൈമാറാൻ അനുമതി

കാബൂൾ : കടുത്ത സാമ്പത്തിക ഭക്ഷ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യ വാഗ്ദാനം ചെയ്ത 50000 ടൺ ഗോതമ്പ് തങ്ങളുടെ പ്രദേശത്തുകൂടി കൈമാറാൻ പാകിസ്ഥാൻ അനുമതി നല്കി. ഇത്രയും വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഇന്ത്യ പാകിസ്ഥാനിലൂടെ ഇവ അഫ്ഗാനിലെത്തിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ പാക് സർക്കാർ അനുകൂല തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതിനാൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേ ആവിശ്യവുമായി താലിബാൻ പ്രതിനിധി സംഘം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ത്യക്ക് ഭക്ഷ്യധാന്യങ്ങൾ അഫ്ഗാനിലെത്തിക്കാൻ പാക് സർക്കാർ അനുമതി നല്കിയത്. പ്രശ്നത്തിന് പരിഹാരമായെന്നും ഇന്ത്യക്ക് വാഗാ അതിർത്തി വഴി ഗോതമ്പ് കൈമാറാൻ അനുമതി ലഭിച്ചെന്നും അഫ്ഗാൻ മന്ത്രിസഭ വക്താവ് സുലൈമാൻ ഷാ സഹീർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിൽ താലിബാൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ അഫ്ഗാൻ ജനതയ്ക്കുള്ള ആദ്യത്തെ സഹായമാണിത്.വേൾഡ്ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്ഥാനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും മൂലം പട്ടിണിയിലാണ്. അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന താലിബാൻ സർക്കാർ ഖജനാവിൽ ബാക്കിയുള്ള 100 കോടി അമേരിക്കൻ ഡോളർ ലേലം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് വിദേശകറൻസികൾക്ക് നിരോധനമേർപ്പെടുത്തിയതോടെ ഔദ്യോഗിക കറൻസിയായ അഫ്ഗാനിയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞു. നിലവിൽ ഒരു അമേരിക്കൻ ഡോളർ ലഭിക്കാൻ 95 അഫ്ഗാനി നൽകണം. ഇതോടെ സെൻട്രൽ ബാങ്കാണ് അമേരിക്കൻ ഡോളറിന്റെ കരുതൽ ശേഖരം ലേലം ചെയ്യാൻ തീരുമാനിച്ചത്. രാജ്യത്തെ സ്വകാര്യ ബാങ്കുകളോടും വിദേശ കറൻസി ഇടപാടുകാരോടും ലേലത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചുണ്ട്. ലേലത്തിലൂടെ സ്വകാര്യസംരംഭകരുടെ കയ്യിലുള്ള അഫ്ഗാനി നോട്ടുകൾ ഭരണകൂടത്തിന്റെ കയ്യിലേക്ക് എത്തിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ.

Advertisement
Advertisement