തൈക്കാട് ആശുപത്രി റോഡിന് അടിയന്തര ചികിത്സ വേണം

Thursday 18 November 2021 5:08 AM IST

തിരുവനന്തപുരം: രോഗികളുടെയും മറ്റ് യാത്രക്കാരുടെയും നട്ടെല്ലൊടിക്കുന്ന തൈക്കാട് ആശുപത്രിക്ക് മുന്നിലെ റോഡിന്റെ രക്ഷയ്ക്കായി അടിയന്തര ശസ്ത്രക്രിയ തന്നെ വേണമെന്ന് ജനങ്ങൾ. റോഡിൽ അങ്ങോളമിങ്ങോളം വലിയ കുഴികൾ രൂപപ്പെട്ടു. ആംബുലൻസുകൾ ഉൾപ്പെടെ ഗർഭിണികളുമായി എത്തുന്ന വാഹനങ്ങൾക്ക് ഇവയിലൂടെ സർക്കസ് നടത്തിവേണം ആശുപത്രിയിലേക്ക് എത്താൻ. അപ്പോഴേക്കും ഗുരുതരാവസ്ഥയിലെത്തുന്ന ഗർഭിണിക്ക് പ്രസവ വേദനയ്ക്കൊപ്പം വലിയൊരു വേദന കൂടി സഹിക്കേണ്ട അവസ്ഥയാകും.

മറ്റ് ആശുപത്രികളിൽ നിന്ന് അതിസങ്കീർണ പ്രശ്നങ്ങളുമായി റഫർ ചെയ്യുന്ന ഗർഭിണികളാണ് തൈക്കാട് എത്തുന്നതിൽ അധികവും. എന്നാൽ ജീവൻ കൈയിൽപ്പിടിച്ച് വേണം ഇവർ ആശുപത്രിക്ക് മുന്നിലെ റോഡ് താണ്ടാൻ. യാത്രാദുരിതത്തിൽ പൊറുതിമുട്ടിയ ജീവനക്കാരും രോഗികളും പരാതി പറഞ്ഞു മടുത്തു. സോഷ്യൽ മീഡിയയിൽ അടക്കം ശക്തമായ പ്രതിഷേധം ഉയർന്നിട്ടും തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറായിട്ടില്ല.

ഒരുവർഷത്തിലേറെയായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. മഴ ശക്തമായതോടെ ഇവിടത്തെ യാത്ര കൂടുതൽ ദുഃസഹമായി. ജീവനക്കാരുടെ സംഘടനകളടക്കം പരാതി അറിയിച്ചിട്ടും റോഡ് നവീകരണം ആരംഭിക്കാനായില്ല. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകൾ.

ഗതാഗതക്കുരുക്കും രൂക്ഷം

റോഡിന്റെ ശോച്യാവസ്ഥ ഗുരുതരമായതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. തൈക്കാട് ഓവർ ബ്രിഡ്ജിൽ ഏറെ നേരം കാത്തുകിടന്നാണ് വാഹനങ്ങൾ കിള്ളിപ്പാലത്തിലേക്കും തമ്പാനൂരിലേക്കും പോകുന്നത്. പരാതി വ്യാപകമാകുമ്പോൾ റോഡിലെ കുഴികളിൽ മെറ്റലും പാറപ്പൊടിയും കൊണ്ടിട്ട് തടിതപ്പുന്നതാണ് ഇവിടത്തെ രീതി.

Advertisement
Advertisement