ബലാത്സംഗകേസിൽ  പൊലീസ്   പിടിച്ചാൽ ഇനിമുതൽ ജീവിതാവസാനംവരെ ലൈംഗികബന്ധം സാദ്ധ്യമാകില്ല, സ്വയംഭാേഗവും നടക്കില്ല

Thursday 18 November 2021 6:34 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ബലാത്സംഗകേസിൽ പൊലീസ് പിടിച്ചാൽ ഇനി ജന്മത്ത് ലൈംഗികബന്ധം സാദ്ധ്യമാകില്ലെന്ന് മാത്രമല്ല സ്വയംഭാേഗം പോലും ചെയ്യാൻ കഴിയില്ല. മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടപ്പിലാക്കുന്നതോടെയാണിത്. ഇതിനുള്ള അനുമതി നൽകുന്ന ബിൽ പാകിസ്താന്‍ പാര്‍ളമെന്റ് പാസാക്കി. നിലവിലുള്ള ക്രിമിനൽ നിയമം ഭേദഗതി ചെയ്യുന്നതാണ് ബില്‍. ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയാണ് ഈ കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുന്നത്. ഇവരുടെ വിചാരണ നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടപ്പാക്കുന്ന ബില്ലിന് പ്രസിഡന്റ് ആരിഫ് അല്‍വി ഒരു വര്‍ഷം മുന്‍പ് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സംയുക്ത പാര്‍ലമെന്റ് യോഗത്തിലാണ് ബില്‍ പാസായത്. ശിക്ഷയ്ക്ക് വിധേയനായ വ്യക്തിക്ക് ജീവിതകാലത്തൊരിക്കലും ലൈംഗിക ബന്ധം സാദ്ധ്യമാകില്ല. നിലവിൽ ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഈ ശിക്ഷാരീതി നടപ്പാക്കുന്നുണ്ട്.

പാകിസ്ഥാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡനക്കേസുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് കാര്യമായ ശിക്ഷ ലഭിക്കുന്നില്ലെന്നും ,ആക്ഷേപവും ഉണ്ടായിരുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും പുതിയ ബില്ലിനെതിരെ ജമാത്ത് ഇസ്ലാമി സെനറ്ററായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തിത്തി. വന്ധ്യംകരണത്തെക്കുറിച്ച് ശരിയത്തില്‍ പരാമര്‍ശമില്ലെന്നും അതിനാൽ ബലാത്സംഗ കേസുകളിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

Advertisement
Advertisement