എത്തിത്തുടങ്ങി വിദേശ സഞ്ചാരികൾ

Friday 19 November 2021 12:00 AM IST

കുമരകം : കൊവിഡാനന്തര ടൂറിസത്തിന് പ്രതീക്ഷ നൽകി വിദേശ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ നിറുത്തിവച്ച ടൂറിസ്റ്റ് വിസ ഇന്ത്യ 15 മുതൽ പുനരാരംഭിച്ചതോടെയാണ് വിദേശികൾക്ക് ഇന്ത്യയിലെത്താൻ അവസരം ഒരുങ്ങിയത്. ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തിയ ആദ്യ വിനോദ സഞ്ചാരികളായ സ്വിറ്റ്സർലാൻഡ് സ്വദേശികളായ ആൽഡോ, സിൽവിയ ദമ്പതികൾ കഴിഞ്ഞ ദിവസം കുമരകത്തെ കോക്കനട്ട് ലഗൂൺ റിസോർട്ടിലെത്തി. ഒന്നര വർഷത്തിന് ശേഷം എത്തിയ വിദേശ വിനോദ സഞ്ചാരികളെ ജനറൽ മാനേജർ ജി ശംഭുവിന്റെ നേതൃത്വത്തിൽ കേരള രീതിയിൽ വരവേറ്റു. ഈ ദമ്പതികൾ ഇത് പതിനാലാം തവണയാണ് കുമരകം സന്ദർശിക്കുന്നത്. ന്യൂസിലാൻഡിലെ സ്വിറ്റ്സർലാൻഡ് അംബാസഡറായിരുന്നു സിൽവിയ.

കേരളത്തോടും കുമരകത്തോടുമുള്ള പ്രത്യേക ഇഷ്ടമാണ് വീണ്ടും ഇവിടെ എത്തിച്ചത്. ടൂറിസ്റ്റ് വിസ അപേക്ഷയുടെ ഭാഗമായി ആരോഗ്യ സേതു , എയർ സുവിധ എന്നീ രണ്ട് പോർട്ടൽ രജിസ്ട്രേഷനും ഇന്ത്യയുടെ ഒരു ലോക്കൽ മൊബൈലിലേക്ക് വരുന്ന ഒ റ്റി പി നമ്പരും രജിസ്ട്രേഷൻ നടപടികൾ സങ്കീർണ്ണമാക്കുന്നുണ്ട്.

- സിൽവിയ

വിദേശ വിനോദ സഞ്ചാരി

ടൂറിസ്റ്റ് വിസ അനുവദിച്ചതും വിദേശികളുടെ വരവും ഏറെ പ്രതീക്ഷയാണ് നൽകുന്നത് . നിരവധി വിദേശികൾ കേരളത്തിൽ എത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വിസ നടപടിക്രമങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. രജിസ്ട്രേഷൻ പ്രക്രീയ ലളിത വത്ക്കരിക്കുന്നതിനോടൊപ്പം വിദേശ ടുറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണം.

- ജി. ശംഭു, ജനറൽ മാനേജർ,

കോക്കനട്ട് ലഗൂൺ റിസോർട്ട്

Advertisement
Advertisement