ലാൽ സലാം നോവലുമായി സ്മൃതി ഇറാനി,​ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ പുസ്തകത്തെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നതിങ്ങനെ

Thursday 18 November 2021 8:25 PM IST

ന്യൂഡൽഹി : നടി,​ മോഡൽ,​ രാഷ്ട്രീയ നേതാവ്,​ കേന്ദ്രമന്ത്രി എന്നീ മേഖലകളിൽ മികവ് തെളിയിച്ച സ്മൃതി ഇറാനി ഇനി നോവലിസ്റ്റ് എന്ന പുതിയ റോളിലേക്ക്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി എഴുതുന്ന നോവലിന്റെ പേര് പ്രഖ്യാപിച്ചു. ലാൽ സലാം എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

2010 ഏപ്രിലിൽ ദന്തെവാഡയിൽ വെച്ച് 76 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് നോവലൊരുങ്ങുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സൈനികർക്കുള്ള സമർപ്പണമാണ് നോവലെന്ന് സ്മൃതി ഇറാനി പറയുന്നു. നവംബർ 29 ന് പുസ്തകം വിപണിയിലെത്തും.

ഈ കഥ ഏതാനും വർഷങ്ങളായി മനസിലുണ്ടായിരുന്ന കഥയാണ് ഇതെന്ന് സ്മൃതി ഇറാനി പറയുന്നു. ഇത് എഴുതാതിരിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു. പുസ്തകത്തിലെ വിവരണങ്ങളും സന്ദർഭങ്ങളും വായനക്കാർക്ക് നല്ല അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികർക്കുള്ള സമർപ്പണമാണ് ഈ നോവലെന്നും സ്മൃതി ഇറാനി പറയുന്നു

.വിക്രം പ്രതാപ് സിംഗ് എന്ന ഓഫിസറാണ് നോവലിലെ പ്രധാന കഥാപാത്രം. വെസ്റ്റ്ലാന്റ് ആണ് പുസ്തകം പുറത്തിറക്കുന്നത്. അവിസ്മരണീയ കഥാപാത്രങ്ങൾ, പേസ്, ആക്ഷൻ, സസ്പെൻസ് തുടങ്ങി എല്ലാമുള്ള, തുട‌ക്കം മുതൽ അവസാനം വരെ വായനക്കാരെ പിടിച്ചിരുത്തുന്ന നോവലായിരിക്കും ലാൽ സലാം എന്നും പ്രസാധകർ പറയുന്നു.