വെട്ടൂരിൽ വില്ലേജ് ഓഫീസർ ഇല്ല: പൊതുജനം നട്ടം തിരിയുന്നു

Friday 19 November 2021 8:44 AM IST

വർക്കല: വർക്കല താലൂക്കിലെ തീരദേശ ഗ്രാമപഞ്ചായത്തായ വെട്ടൂരിലെ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ പൊതുജനം ബുദ്ധിമുട്ടുന്നതായി വ്യാപക പരാതി.

നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലംമാറി പോയതിനെ തുടർന്ന് പകരം വില്ലേജ് ഓഫീസറെ നിയമിക്കാതെ ചെറുന്നിയൂർ വില്ലേജ് ഓഫീസർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. ഇത്‌ നിലവിൽ രണ്ട് വില്ലേജുകളുടെയും ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.
വിവിധ സർട്ടിഫിക്കറ്റുകൾക്കായി രാവിലെ മുതൽ വൈകുന്നേരം വരെ കാത്തിരുന്നാൽ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യഥാസമയം എത്താത്തതുമൂലം മടങ്ങി പോകേണ്ട ഗതികേടിലാണ്. ഒരു സർട്ടിഫിക്കറ്റിന് വേണ്ടി ദിവസങ്ങളോളം വില്ലേജ് ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയും നിലനിൽക്കുകയാണ്.

വില്ലേജ് ഓഫീസിൽ നൂറുകണക്കിന് അപേക്ഷകളാണ് തീർപ്പ് കൽപ്പിക്കാതെ കെട്ടിക്കിടക്കുന്നത്.

രോഗികൾക്കുള്ള സർക്കാർ സഹായത്തിനുള്ള അപേക്ഷകളും വില്ലേജിൽ കെട്ടികിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണ് വെട്ടൂർ പ്രദേശം. നിരവധിതവണ വെട്ടൂർ വില്ലേജിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും ബന്ധപ്പെട്ട റവന്യൂ അധികൃതർക്കും പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പൊതുവെയുള്ള ആരോപണം.

Advertisement
Advertisement