സി.ബി.ഐ, ഇ.ഡി. ഡയറക്ടർമാരുടെ കാലാവധി നീട്ടൽ, കോൺഗ്രസ് സുപ്രീംകോടതിയിൽ

Friday 19 November 2021 12:26 AM IST

ന്യൂഡൽഹി: സി.ബി.ഐ, ഇ.ഡി ഡയറക്ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.

രണ്ട് വർഷമായിരുന്ന ഇ.ഡി, സി.ബി.ഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കിയാണ് നീട്ടിയത്. തൃണമൂൽ കോൺഗ്രസ്, സി.പി.എം, അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഇ.ഡി ഡയറക്ടർ എസ്.കെ. മിശ്രയുടെ സർവീസ് ഈ മാസം അവസാനിരിക്കെ, കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്രം കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീംകോടതി നിർദ്ദേശം മറിക്കടക്കാനാണ് സി.ബി.ഐ, ഇ.ഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

ഓർഡിനൻസിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്‌ത്രയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് ഓർഡിനൻസിനെതിരെ രാജ്യസഭയിൽ വിഷയം അവതരിപ്പിക്കാൻ നോട്ടീസ് സമർപ്പിച്ചു.

Advertisement
Advertisement