സി ബി എസ് ഇ - ഐ സി എസ് ഇ പരീക്ഷകൾ ഓൺലൈനായും ഓഫ്‌ലൈനായും നടത്തണമെന്ന ഹർജി തള്ളി

Friday 19 November 2021 12:07 AM IST

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകൾ, ഐ.സി.എസ്.ഇ ഒന്നാം ടേം പരീക്ഷകൾ ഓഫ്‌ലൈനായും ഓൺലൈനായും നടത്താൻ അടിയന്തര നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സി.ബി.എസ്.ഇ ഒന്നാം ടേം പരീക്ഷകൾ നവംബർ 16ന് ആരംഭിച്ചു. ഈ സാഹചര്യത്തിൽ പരീക്ഷാ നടപടികൾ തടസപ്പെടുത്തുന്നത് ശരിയല്ല. ഐ.സി.എസ്.ഇ പരീക്ഷകൾ അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്രയും വൈകിയ സാഹചര്യത്തിൽ ഹർജി അനുവദിക്കാനാകില്ല. കൊവിഡ് കണക്കിലെടുത്തുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അധികൃതർ പരീക്ഷ നടത്തുന്നതെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീംകോടതി വ്യക്തമാക്കി.

എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് സോളിസിറ്റർ തുഷാർ മേത്ത വ്യക്തമാക്കി. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 6000ൽ നിന്ന് 15,000 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും യാത്രാ ദൈർഘ്യം കുറയ്ക്കുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ പന്ത്രണ്ട് വിദ്യാർത്ഥികൾ മാത്രമാണ് ഇരിക്കുന്നത്. പരീക്ഷ സമയവും മൂന്നു മണിക്കൂറിൽ നിന്ന് 90 മിനിറ്റായി ചുരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement