നോവലെഴുതി കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പേര് ലാൽസലാം

Friday 19 November 2021 12:39 AM IST

ലക്നൗ: സാഹിത്യ ലോകത്തേക്ക് ചുവടുവച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 'ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന മന്ത്രിയുടെ ആദ്യ നോവൽ ഉടൻ പുറത്തിറങ്ങും. വെസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.

ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിൽ 2010ൽ 76 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തെ ആസ്പദമാക്കിയാണ് സ്മൃതിയുടെ നോവൽ എന്നാണ് റിപ്പോർട്ടുകൾ.

'ഏതാനും വർഷങ്ങളായി മനസിൽ സൂക്ഷിച്ചിരുന്ന കഥയാണ്. അത് എഴുതാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പുസ്തകത്തിലെ വിവരണങ്ങളും സന്ദർഭങ്ങളും വായനക്കാർക്ക് നല്ല അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ.രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികർക്കുള്ള സമർപ്പണമാണ് ഈ നോവൽ.' സ്മൃതി ഇറാനി പറയുന്നു.

ആക്ഷൻ, സസ്‌പെൻസ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് പ്രതികരിച്ചു.

വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറാണ് നോവലിലെ പ്രധാന കഥാപാത്രം. നവംബർ 29 ന് പുസ്തകം വിപണിയിലെത്തും.