കടയുടെ ലോഗോയുള്ള കാരി ബാഗ് നിർബന്ധിച്ച് വാങ്ങിപ്പിച്ചു: പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ
ഹൈദരാബാദ്: പിസ വാങ്ങാനെത്തിയയാളെ കടയുടെ ലോഗോയുള്ള കാരി ബാഗ് നിർബന്ധിച്ച് വാങ്ങിപ്പിച്ചതിന് പിസാ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴയിട്ട് ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ ഫോറം.
പിഴത്തുക കടയുടമ ഉപഭോക്താവിന് നേരിട്ട് നൽകണമെന്നും ഉപഭോക്തൃ ഫോറം നിർദ്ദേശിച്ചു.
നിർബന്ധപൂർവം കാരി ബാഗ് വാങ്ങിപ്പിച്ചതിന് കെ. മുരളികുമാർ എന്ന വിദ്യാർത്ഥിയാണ് ഔട്ട്‌ലെറ്റിനെതിരെ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2019 സെപ്തംബർ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം.
വിദ്യാർത്ഥിനിയിൽ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്‌ലെറ്റ് ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ പിസാ ഔട്ട്‌ലെറ്റുകാർ അപമര്യാദമായി പെരുമാറിയെന്നും വിദ്യാർത്ഥി ആരോപിച്ചു.
അതേസമയം ആരോപണങ്ങളെല്ലാം പിസ ഔട്ട്‌ലെറ്റ് നടത്തിപ്പുകാർ നിഷേധിച്ചിരുന്നു. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ ഫോറത്തിൽ നിന്ന് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.