സംരക്ഷണ കേന്ദ്രത്തിൽ നിന്നും മുങ്ങി പുഴയിൽ ചാടിയ വിദ്യാർത്ഥിനികളെ നാട്ടുകാർ രക്ഷിച്ചു

Thursday 18 November 2021 11:20 PM IST

ഇരിട്ടി: കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ നിന്നും ഒളിച്ചോടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പുഴയിൽ ചാടിയ രണ്ട് വിദ്യാർത്ഥിനികളെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ഇവരെ പൊലീസ് ശിശുക്ഷേമ സമിതിയുടെ തലശ്ശേരിയിലുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എട്ടിലും അഞ്ചിലുമായി പഠിക്കുന്ന വിദ്യാർത്ഥിനികളാണ് സംരക്ഷണ കേന്ദ്രത്തിൽ നിന്നും മുങ്ങിയത്.

വ്യാഴാഴ്ച പുലർച്ചെ 4.30തോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുചക്രവാഹനത്തിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാർത്ഥിനികളെയും വട്ട്യറ കരിയാൽ ടൗണിന് സമീപത്ത് റോഡരികിൽ കാണുന്നത്. യുവാവ് ഉടൻതന്നെ സമീപത്തുള്ള താമസക്കാരെയും ഇരിട്ടി പൊലീസിലും വിവരമറിയിച്ചു.ഇതെ തുടർന്ന്

ഇരുവരും പായം പുഴക്കരയിലേക്ക് ഓടുകയും ആളുകൾ അടുത്തുവരുമ്പോൾ പുഴയിൽ ഇറങ്ങി ഭീഷണി മുഴക്കുകയും ചെയ്തു.

പുഴയിൽ വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികൾ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച് കരയ്ക്ക് എത്തിക്കാനുള്ള ശ്രമം വിജയിക്കാതായതോടെ നാട്ടുകാരിൽ ചിലർ പുഴയിലേക്ക് ചാടി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

Advertisement
Advertisement