ചൈനയ്‌ക്ക് രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്: ഏതു ഭീഷണിക്കും തക്ക മറുപടി
ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്ന ആർക്കും തക്ക മറുപടി നൽകുമെന്നും ഏതു വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജമാണെന്നും ചൈനയ്‌ക്ക് പരോക്ഷ മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിലെ ചുഷുൽ മലനിരയിൽ നവീകരിച്ച റെസാംഗ് ലാ യുദ്ധ സ്മാരകം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
സ്മാരകത്തിന്റെ പുനരുദ്ധാരണം ധീര സൈനികർക്കുള്ള ആദരവും രാജ്യത്തിന്റെ അതിർത്തി കാക്കാൻ നാം പൂർണ്ണ സജ്ജരാണെന്നതിന് തെളിവുമാണ്. സൈനികരുടെയും കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം, യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ലഡാക് ലെഫ്. ഗവർണർ ആർ.കെ. മാഥുർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ഉപസേനാ മേധാവി ലെഫ്. ജനറൽ സി.പി. മൊഹന്തി തുടങ്ങിയവരും പങ്കെടുത്തു. റെസാംഗ് ലാ യുദ്ധത്തിൽ പങ്കെടുത്ത റിട്ട. ബ്രിഗേഡിയർ ആർ.വി. ജതാർ, മേജർ ശെയ്താൻ സിംഗിന്റെ മകൻ നർപത് സിംഗ് തുടങ്ങിയവരെ ആദരിച്ചു.
റെസാംഗ് ലാ മെമ്മോറിയൽ
1962 നവംബർ 18ന് ഇന്ത്യ-ചൈന അതിത്തിയിൽ കിഴക്കൻ ലഡാക്കിലെ കൈലാഷ് റേഞ്ചിൽ 16,500 അടി ഉയരത്തിലുള്ള റെസാംഗ് ലായും സമീപപ്രദേശങ്ങളും പിടിച്ചെടുക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ നീക്കത്തെ പ്രതിരോധിച്ച 13-ാം കുമാവ് റെജിമെന്റിലെ ചാർളി കമ്പനിയുടെ പോരാട്ടവീര്യത്തിന്റെ സ്മാരകം. മരണാനന്തര ബഹുമതിയായി പരംവീര ചക്രം നൽകിയ ക്യാപ്ടൻ ശെയ്‌ത്താൻ സിംഗിന്റെ നേതൃത്വത്തിലുള്ള 113 സൈനികരുടെ അന്നത്തെ പോരാട്ടത്തിന്റെ 59-ാം വാർഷികമായിരുന്നു ഇന്നലെ. 1963ൽ നിർമ്മിച്ച സ്മാരകം നിലനിറുത്തിയ സമുച്ചയത്തിൽ മ്യൂസിയം, മിനി തിയേറ്റർ, ഹെലിപ്പാഡ്, ടൂറിസ്റ്റ് സേവനങ്ങൾ എന്നിവയുമുണ്ട്.
ഇന്ത്യൻ പ്രദേശത്ത് വീണ്ടും ചൈനീസ് നിർമ്മാണം
അരുണാചൽ പ്രദേശിൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന നിർമ്മിച്ച 60ഒാളം കെട്ടിടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കും അന്താരാഷ്‌ട്ര അതിർത്തിക്കും ഇടയിൽ ചൈന കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ മേഖലയിലാണിത്. ഇവിടെ നിന്ന് 93 കിലോമീറ്റർ അകലെയാണ് ചൈന അരുണാചൽ അതിർത്തിയോട് ചേർന്ന് ഗ്രാമം നിർമ്മിച്ചത്. ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ചൈനീസ് പതാകയുടെ ചിത്രമുണ്ട്. ഇന്ത്യൻ സ്ഥലത്ത് നിർമ്മാണം നടന്നിട്ടില്ലെന്നാണ് കരസേനയുടെ വിശദീകരണം.
മലനിരകൾ മൂലം ഇന്ത്യയിൽ നിന്ന് ഒറ്റപ്പെട്ട ഇവിടെ ചൈനക്കാർക്ക് വരാൻ എളുപ്പമാണ്. 33 കിലോമീറ്റർ മാറി ചൈനയുടെ വിമാനത്താവളമുണ്ട്. ഇവിടെ റെയിൽപ്പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.