എല്ലാ വിവരങ്ങളും ഇടപാടുകാരിലേക്ക് : സഹകരണത്തിൽ ഇനി മറവില്ല

Thursday 18 November 2021 11:46 PM IST

ഓൺലൈൻ പദ്ധതി നാളെ മുതൽ

കണ്ണൂർ: തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘം ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയതിനു പിന്നാലെ ഇവയുടെ പ്രവർത്തനങ്ങൾ കൂടുതൽ കുറ്റമറ്റതും സുതാര്യവുമാക്കാൻ സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കി. സംഘങ്ങളുടെ വാർഷിക ഓഡിറ്റ് വിവരങ്ങളടക്കമുള്ള അടിസ്ഥാന വിവരങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും.

കേരളത്തിലെ ഏത് സഹകരണ സംഘത്തെയുംകുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ആർക്കും വിരൽത്തുമ്പിൽ ലഭ്യമാകും. ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങൾ, കാലാകാലം ഓഡിറ്റ് നടന്നവ, നടത്തേണ്ടവ തുടങ്ങിയവയും അറിയാം. ഓരോ സംഘത്തിന്റെയും ആസ്തി–ബാദ്ധ്യത വിവരങ്ങളും ലഭിക്കും. അംഗങ്ങൾക്ക് സംഘത്തിന്റെ ലാഭനഷ്ട കണക്കുകൾ വിലയിരുത്താം.

ഒരോ ജില്ലയിലും താലൂക്ക് തിരിച്ച് ഓഡിറ്റ് ചെയ്യാവുന്ന സംഘങ്ങൾ, ഓഡിറ്റ് പൂർത്തീകരിക്കാൻ ബാക്കിയുള്ള സംഘങ്ങൾ തുടങ്ങിയവയും ഓൺലൈനിൽ ലഭ്യമാകും.സഹകരണ മേഖലയിൽ യുവജനങ്ങളെയടക്കം ആകർഷിക്കാനും വിശ്വാസ്യത ഉയർത്താനും പദ്ധതി സഹായകമാകും.ഓഡിറ്റ് ചെയ്യേണ്ട സംഘങ്ങളുടെ ഡാഷ് ബോർഡ്, നിക്ഷേപം, വായ്പ, ആസ്തി ബാദ്ധ്യതാ പത്രത്തിന്റെ ചുരുക്കം, ഓഡിറ്റിലെ ഗൗരവമുള്ള ക്രമക്കേടുകൾ, അവയിലെ വകുപ്പുതല നടപടികൾ തുടങ്ങിയവയും ഇതിലൂടെ അറിയാം.ക്രമക്കേടുകൾ തടയാമെന്നതാണ് പദ്ധതിയുടെ സൗകര്യം.

മറ്റു നിർദേശങ്ങൾ ഇങ്ങനെ

പുതിയ പദ്ധതി കോ ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വഴി

വിവിധ രജിസ്ട്രാർമാരുടെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സഹകരണ സംഘങ്ങളും ശൃംഖലയുടെ ഭാഗമാകും.

 സ്ഥാപനത്തിലെ അനുബന്ധ സംവിധാനങ്ങളുടെ പാസ്​വേഡ്​ ഇടക്കിടെ നിർബന്ധമായും മാറ്റണം.

സോഫ്​റ്റ്​വെയറുകളുടെ സുരക്ഷാമാനദണ്ഡങ്ങൾ സുരക്ഷ ഓഡിറ്റിംഗ് അംഗീകൃത ഏജൻസി വഴി

 സ്ഥാപനത്തിന്റെ പ്രവർത്തന സമയവും ഹാജർ നിലയും പ്രതിമാസം ഭരണ സമിതിയെ അറിയിക്കണം

പ്രവർത്തന വിപുലീകരണം, പുതിയ പദ്ധതി എന്നിവയിൽ സഹകാരികൾക്ക് കൂടുതൽ അവസരം

ക്രമക്കേടുകൾ മനസ്സിലാക്കാനും അടിയന്തര ഇടപെടലിനും അവസരം

സംസ്ഥാനത്ത് അപ്പെക്സ് മുതൽ പ്രാഥമികതലം വരെ സംഘങ്ങൾ- 15,​941
ക്ഷീരം, കയർ, കൈത്തറി, ഖാദി, വ്യവസായം, മത്സ്യം മേഖലകളിൽ -7600–ൽപരം

Advertisement
Advertisement