തൈക്കാട് ആശുപത്രി റോഡിന് മരുന്ന് കുറിച്ചു
റോഡ് ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം
നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
തിരുവനന്തപുരം: രോഗികളടക്കമുള്ള യാത്രക്കാരുടെ നടുവൊടിക്കുന്ന തൈക്കാട് ആശുപത്രിക്ക് മുന്നിലെ റോഡിന് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മന്ത്രിയുടെ നിർദ്ദേശം. റോഡ് എത്രയും പെട്ടെന്ന് ശരിയാക്കി ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി. നിലവിൽ ആംബുലൻസുകൾ ഉൾപ്പെടെ ഗർഭിണികളുമായി എത്തുന്ന വാഹനങ്ങൾ കുണ്ടും കുഴിയിലൂടെ കയറിയിറങ്ങി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചർച്ച ചെയ്യാൻ ഇന്നലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കെ.ആർ.എഫ്.ബി, ഇറിഗേഷൻ, സ്മാർട്ട് സിറ്റി, പി.ഡബ്യു.ഡി, കേരള വാട്ടർ അതോറിട്ടി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതിലാണ് തൈക്കാട് ആശുപത്രി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാൻ മന്ത്രി കർശന നിർദ്ദേശം നൽകിയത്.
കുഴിയടയ്ക്കലല്ല, ടാറിംഗ്.....
റോഡിന്റെ കുഴികൾ താത്കാലികമായി അടയ്ക്കാതെ റോഡ് പൂർണമായി ടാർ ചെയ്യാനാണ് മന്ത്രിയുടെ നിർദ്ദേശം. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കും.
പി.ഡബ്യു.ഡിക്ക് കീഴിലായിരുന്നു ആദ്യം തൈക്കാട് റോഡ്. പിന്നീട് ഇത് റോഡ് ഫണ്ട് ബോർഡിന് കൈമാറുകയായിരുന്നു. സ്മാർട്ട് റോഡ് നിർമ്മാണത്തിനായി സ്മാർട്ട് സിറ്റിക്ക് വീണ്ടും റോഡ് കൈമാറി. എന്നാൽ സ്മാർട്ട് റോഡിന്റെ ജോലികൾ ഇവിടെ ആരംഭിച്ചിട്ടില്ല. അറ്റകുറ്റപ്പണികൾക്ക് സ്മാർട്ട് സിറ്റിയാണ് ഫണ്ട് അനുവദിക്കുന്നതെങ്കിലും ജോലികൾ നിർവഹിക്കാനുള്ള ചുമതല കേരള റോഡ് ഫണ്ട് ബോർഡിനാണ്.
എസ്റ്റിമേറ്റ് നടപടികൾ ഉടൻ
വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്ര് നടപടികൾ ആരംഭിക്കും. ഇതിന് കെ.ആർ.എഫ്.ബി സി.ഇ.ഒയുടെ അനുവാദം ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. പക്ഷേ മഴ പൂർണമായി മാറി നിന്നാൽ മാത്രമേ ജോലികൾ ആരംഭിക്കാനാകൂ. അട്ടക്കുളങ്ങര റോഡും ഉടൻ ശരിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.
മുൻ എം.പിയും പരാതി പറഞ്ഞു
മുൻ എം.പിയും ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തും തൈക്കാട് റോഡ് എത്രയുംവേഗം ശരിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം അതുവഴി പോയ സമ്പത്ത് റോഡിന്റെ ഗതി ശരിക്കും മനസിലാക്കിയിരുന്നു. ഉടൻതന്നെ തൈക്കാട് വാർഡ് കൗൺസിലറെ ബന്ധപ്പെട്ട് റോഡ് ശരിയാക്കാൻ കൃത്യമായ ഇടപെലുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.