ചന്ത കൈമാറുന്നത് വൈകുന്നു ഹൈടെക് മാർക്കറ്റും കാത്ത് കച്ചവടക്കാർ

Saturday 20 November 2021 12:11 AM IST

നെയ്യാറ്രിൻകര: നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിലെ ചന്ത നിർമ്മാണം ഏജൻസിയായ കിഫ്ബിക്ക് കൈമാറാത്തതിനെ തുടർന്ന് നിർമ്മാണം വൈകുന്നു. ഇപ്പോൾ നെയ്യാറ്റിൻകരയിൽ മത്സ്യവ്യാപാരം നടക്കുന്നതാകട്ടെ ദേശീയപാതയോരങ്ങളിലാണ്. റോഡരികിലെ അനധികൃത മത്സ്യവില്പനയ്ക്കെതിരെ പ്രതിഷേധവുമായി കച്ചവടക്കാരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. നഗരസഭാധികൃതരാകട്ടെ നടപടിയെടുക്കാൻ തയ്യാറായിട്ടുമില്ല.

ചന്തയെ ഹൈടെക് ആക്കി ഉയർത്താനുളള പദ്ധതി അന്തിമഘട്ടത്തിലെത്തിയെങ്കിലും ചന്ത കൈമാറാത്തതിനാൽ ഇതുവരെയും പ്രാരംഭ നടപടികളൊന്നുമായില്ല. കൊറോണ രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് എല്ലാ മത്സ്യച്ചന്തകളും അടച്ചുപൂട്ടിയെങ്കിലും 2 മാസങ്ങൾക്ക് മുൻപ് താലൂക്കിലെ പ്രധാന ചന്തകളെല്ലാം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തിരുന്നു. എന്നാൽ നെയ്യാറ്രിൻകര ടി.ബി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ചന്ത തുറന്ന് കൊടുക്കാത്തതിനെ തുടർന്ന് കുറച്ചുനാൾ മത്സ്യ, പച്ചക്കറിയുൾപ്പെടെയുളള എല്ലാ കച്ചവടക്കാരും നഗരസഭാ സ്റ്രേഡിയത്തിന് മുന്നിലാണ് കച്ചവടം ചെയ്തിരുന്നത്. പിന്നീട് ഇത് പ്രതിഷേധത്തിനിടയാക്കുകയും ഇവിടത്തെ വില്പന പൊലീസും നഗരസഭാധികൃതരും ചേർന്ന് നിരോധിക്കുകയുമായിരുന്നു. തുടർന്നാണ് കച്ചവടക്കാർ ടി.ബി ജംഗ്ഷൻ, നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ഗ്രാമം ജംഗ്ഷൻ എന്നിവിടങ്ങളിലെ ദേശീയ പാതയോരത്തോട് ചേർന്ന് റോഡിൽ മത്സ്യവിപണനം തുടങ്ങിയത്. ഏറെ തിരക്കുള്ള വൈകിട്ട് ദേശീയപാതയോരത്തുള്ള കച്ചവടം പൊതുജനത്തിന് അപകടഭീഷണിയുയർത്തുകയാണ്. സുരക്ഷിതമായി കച്ചവടം നടത്തുന്നതിന് നഗരസഭ സൗകര്യം ഒരുക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

പദ്ധതി ചെലവ് - 4.4 കോടി രൂപ

കിഫ്ബിയുടെ നിർദേശം

ടി.ബി ജംഗ്ഷൻ മാർക്കറ്റ് ഹൈടെക് ആക്കുന്നതിന് ചന്തയും മറ്റ് അനുബന്ധ താത്ക്കാലിക കച്ചവട സ്ഥാപനങ്ങളും ഇവിടെ നിന്ന് മാറ്റി നൽകണമെന്നാണ് നിർമ്മാണ ഏജൻസിയായ കിഫ്ബിയുടെ ആവശ്യം. എന്നാൽ മാത്രമേ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂ. മാർക്കറ്റിന് മുന്നിലുള്ള കെട്ടിടം അതേപടി നിലനിറുത്തി ഇതിന് പിറകിലുള്ള ചെറിയ കെട്ടിടങ്ങളും അനുബന്ധമായി ചെയ്തിട്ടുളള നിർമ്മാണ പ്രവർത്തനങ്ങളും പൊളിച്ചുമാറ്റി നവീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയിൽ വരുന്നത്

ബേസ്‌മെന്റ് ഫ്ലോറിൽ കോൾഡ് സ്റ്റോറേജ് സംവിധാനവും ജലസംഭരണികളുമാണ് നിർമിക്കുന്നത്. ഒരേ സമയം 8 ട്രക്കുകളിൽ നിന്ന് കോൾഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് മീൻ മാറ്റുന്നതിനുളള സൗകര്യവും ഒരുക്കുന്നുണ്ട്. ഗ്രൗണ്ട് ഫ്ലോറിൽ ഫിഷ്, മീറ്റ് സ്റ്റാളുകൾ, വെജിറ്റബിൾ സ്റ്റാളുകൾ, കട മുറികൾ വിശ്രമിക്കാനുള്ള സൗകര്യം, ടോയ്ലെറ്ര് എന്നിവയുണ്ടാകും.

നഗരസഭ നിർമ്മാണ ഏജൻസിക്ക് ചന്ത കൈമാറിയാൽ ഉടൻ കിഫ്ബിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ഹൈടെക്കാക്കി പുനഃനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

കെ. ആൻസലൻ, എം.എൽ.എ

നിലവിലെ ചന്തയുടെ മുൻവശത്തേക്ക് അടിയന്തരമായി ചന്ത മാറ്റി പ്രവർത്തിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. അതിനുളള നടപടികൾ പുരോഗമിച്ചുവരികയാണ്.

പി.കെ. രാജ്മോഹൻ, നഗരസഭ ചെയർമാൻ

Advertisement
Advertisement