ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികൾ നൽകുന്നു

Saturday 20 November 2021 12:00 AM IST

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള ബ്ലോക്ക് തലത്തിലുള്ള ക്യാമ്പുകൾ 7 ദിവസങ്ങളിലായി നടക്കും. കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്ചറിംഗ് കോർപറേഷനും (അലിംകോ), സാമൂഹ്യ നീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

22ന് ആദ്യത്തെ ക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9.30 മുതൽ ക്യാമ്പ് ആരംഭിക്കും. എം പി, ജില്ലാ കലക്ടർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യ നീതി, ആരോഗ്യക്ഷേമം, ശിശുവികസനം തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, അലിംകോയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകും. ഏഴു ബ്ലോക്കുകളിലായി നടത്തുന്ന ക്യാമ്പുകളിൽ ആയിരത്തിലധികം ഗുണഭോക്താക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർക്ക് അങ്കണവാടി അദ്ധ്യാപകരുടെ പക്കൽ രജിസ്റ്റർ ചെയ്യാമെന്ന് എം.പി അറിയിച്ചു.

ക്യാമ്പ്: തിയതിയും സ്ഥലവും

 ളാലം 22ന് : ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ളാലം
 പാമ്പാടി 23ന്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പള്ളിക്കത്തോട്
 വൈക്കം 24ന്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ബഷീർ സ്മാരക ഹാൾ
 പള്ളം 25ന്: മുൻസിപ്പൽ ടൗൺ ഹാൾ, കുമാരനല്ലൂർ, കോട്ടയം
 ഏറ്റുമാനൂർ 26ന്: അൽഫോൻസാ ഹാൾ, അതിരമ്പുഴ സെന്റ് മേരീസ് പള്ളി
 ഉഴവൂർ 27ന് :കുറവിലങ്ങാട് സെന്റ് മേരീസ് പള്ളി ആഡിറ്റോറിയം
 കടുത്തുരുത്തി 28ന്: മിനി സിവിൽ സ്റ്റേഷൻ ഹാൾ, കടുത്തുരുത്തി

Advertisement
Advertisement