വിയ്യൂരിൽ നടപടികൾ കർശനം : അയയാതെ അധികൃതർ

Friday 19 November 2021 10:05 PM IST

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ സുരക്ഷയിലും നിയന്ത്രണത്തിലും യാതൊരു അയവും ഉണ്ടായിട്ടില്ലെന്ന് ജയിലധികൃതർ. കടവി രഞ്ജിത്തിനെ മറ്റൊരു ഗുണ്ടാസംഘാംഗമായ തീക്കാറ്റ് സാജൻ ആക്രമിച്ച സംഭവം അവിചാരിതമാണെന്നും അധികൃതർ വിശദീകരിക്കുന്നു.
കടവി രഞ്ജിത്തിനെ ഒരു കേസുമായി ബന്ധപ്പെട്ട് വീഡീയോ കോൺഫറൻസിന് ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്നതിനിടെയാണ് കാന്റീനിൽ വച്ച് സാജനും കൂട്ടരും ചേർന്ന് ടീസ്പൂൺ കൊണ്ട് ആക്രമിച്ചത്. ഉദ്യോഗസ്ഥർ ശക്തമായി ഇടപെട്ട് രണ്ട് കൂട്ടരെയും പിടിച്ച് അതാത് സെല്ലുകളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ കടവിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ കടവിയെ ആക്രമിച്ചെന്ന് വരുത്തി കുപ്രസിദ്ധി നേടുകയെന്ന തന്ത്രവും ഇയാൾക്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കടവിയും സാജനും നിരവധി കേസുകളിൽ പ്രതികളാണ്. ജയിലുകളിൽ തടവുകാരുടെ അച്ചടക്കം കർശനമായി പാലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് പല തടവുകാരിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് സെൻട്രൽ ജയിലിൽ നിന്ന് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റാനുള്ള തന്ത്രങ്ങളും ചിലർ മെനയാറുണ്ടെന്നും വിവരമുണ്ട്.

എന്നാൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരെ കൂടുതൽ നീരീക്ഷണ സംവിധാനമുള്ള ഹൈടെക് ജയിലിലേക്ക് മാറ്റുകയാണ് അധികൃതർ ചെയ്യുന്നത്. സംഘർഷത്തെ തുടർന്ന് കടവി രഞ്ജിത്തിനെയും സഹായിയെയും ഹൈടെക്കിലേക്കും തീക്കാറ്റ് സാജനെയും കൂട്ടുപ്രതിയെയും എറണാകുളം ജില്ലാ ജയിലിലേക്കുമാണ് മാറ്റിയത്.

പരിശോധനയ്ക്ക് സ്‌ക്വാഡ്

തടവുകാർ മൊബൈൽ ഫോൺ, ലഹരി വസ്തുക്കൾ എന്നിവ കണ്ടുപിടിക്കാൻ മൂന്നും നാലും പേരടങ്ങുന്ന ടീമുകൾ സെല്ലുകളിൽ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. ഇത്തരം വസ്തുക്കൾ പിടികൂടിയാൽ ഉടനെ പൊലീസിൽ വിവരം അറിയിച്ച് നടപടികൾക്ക് ശുപാർശ ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


തടവുകാർക്ക് അവർക്ക് അർഹതപ്പെട്ട ഇളവ് മാത്രമാണ് നൽകുന്നത്. കർശന പരിശോധനകളോടെ മാത്രമേ ജയിലിലേക്ക് ആളുകളെ കടത്തിവിടൂ. പുറത്തേക്ക് കൊണ്ടുപോകുന്ന തടവുകാരെ തിരിച്ച് സെല്ലുകളിലെത്തിക്കുമ്പോഴും ആവശ്യമായ പരിശോധനകളും നടത്തി വരുന്നുണ്ട്.

ആർ. സാജൻ
വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്‌

Advertisement
Advertisement