മുഹമ്മദലിയുടെ മയിൽകുഞ്ഞുങ്ങൾ ഇനി കാടിന്റെ മക്കൾ

Friday 19 November 2021 10:07 PM IST

കണ്ണൂർ: അങ്കകോഴി അടവിരിയിച്ച് വളർത്തിയ മയിൽ കുഞ്ഞുങ്ങളെ കാട് വരവേറ്റു.കഴിഞ്ഞ ദിവസമാണ് പാപ്പിനിശ്ശേരി ഈന്തോട് ചട്ടുകപ്പാറ സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കോഴി വിരിയിച്ച മയിൽ കുഞ്ഞുങ്ങള വനം വകുപ്പിന്റെ നേതൃത്വത്തിൽ ആവാസ വ്യസ്ഥയിലേക്ക് തന്നെ തിരികെ വിട്ടത്.

മൂന്ന് ദിവസം തള്ളകോഴിയിൽ നിന്നും മാറ്റി നിർത്തി മയിൽ കുഞ്ഞുങ്ങൾ സ്വന്തമായി ഇരതേടാൻ പ്രാപ്തമായെന്ന് ഉറപ്പ് വരുത്തിയിരുന്നു.കാലാവസ്ഥ മാറി വരുന്നത് പതിവായതോടെയാണ് കാടുമായി ഇണങ്ങുന്നതിന് ഇവയെ പെട്ടെന്ന് തന്നെ കാട്ടിലേക്ക് വിട്ടത്.ഇനിയും വൈകിയാൽ ചിലപ്പോൾ അവയ്ക്ക് കാടിനോട് പെട്ടെന്ന് ഇണങ്ങാൻ കഴി‌ഞ്ഞെന്ന് വരില്ലെന്ന് മലബാർ അവയർനെസ് റെസ്‌ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ് പ്രസിഡന്റ് റിയാസ് മാങ്ങാട് പറഞ്ഞു.

ഒന്നരമാസം പ്രായമുള്ള നാലു മയിൽകുഞ്ഞുങ്ങളെയാണ് കാട്ടിലേക്ക് വിട്ടത്.പറമ്പിലെ കാടു വെട്ടുമ്പോൾ കിട്ടിയ അഞ്ച് മുട്ടകൾ റിയാസ് മാങ്ങാടാണ് അസീൻ വിഭാഗത്തിലെ അങ്കക്കോഴികളുള്ള മുഹമ്മദലിക്ക് നൽകിയത്. പിടക്കോഴി 25 ദിവസം അടയിരുന്നപ്പോഴാണ് മുട്ട വിരിഞ്ഞത്. പിന്നെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ പോറ്റി. തള്ളക്കോഴിയോടൊപ്പമുള്ള പൂവനും മയിൽ കുഞ്ഞുങ്ങളുമായി പെട്ടെന്ന് ഇണങ്ങി. പുഴുക്കളും ചെറുമത്സ്യങ്ങളും ചോറുമെല്ലാമായിരുന്നു ഇവയുടെ ഭക്ഷണം. ഇത്രയും നാൾ പരിപാലിച്ച മയിൽ കുഞ്ഞുങ്ങൾ കാട്ടിലേക്ക് മടങ്ങിയപ്പോൾ മുഹമ്മദലിക്കും കുടുംബത്തിനും വലിയ സങ്കടമായിരുന്നു