വനിതാ കമ്മിഷൻ അദാലത്തിൽ 35 പരാതികൾ തീർപ്പായി

Saturday 20 November 2021 12:00 AM IST

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മിഷൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ 35 പരാതികൾ തീർപ്പായി. ആകെ 105 പരാതികളാണ് പരിഗണിച്ചത്. 60 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. 10 പരാതികൾ പൊലീസ് റിപ്പോർട്ടിനായി കൈമാറി.

കമ്മിഷനംഗം എം.എസ്. താരയുടെ നേതൃത്വത്തിലാണ് പരാതികൾ കേട്ടത്. തദ്ദേശ സ്ഥാപന തലത്തിൽ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് കമ്മിഷൻ അംഗം പറഞ്ഞു. പരാതികൾ പ്രാദേശിക തലത്തിൽ തന്നെ പരിഹരിക്കുന്നതിന് ഇത് സഹായമാകും. ജനപ്രതിനിധികൾ, അങ്കണവാടി- ഐ.സി.ഡി.എസ് പ്രവർത്തകർ, ഡോക്ടർമാർ, വക്കീലന്മാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് ജാഗ്രതാ സമിതി. വാർഡ് - പഞ്ചായത്ത് - ജില്ലാതലത്തിലാണ് പ്രവർത്തനം. വസ്തു തർക്കം ഉൾപ്പെടെയുള്ള സിവിൽ സ്വഭാവമുള്ള പരാതികൾ കമ്മിഷന് സമർപ്പിക്കുന്ന പ്രവണത ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കമ്മിഷന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. കലാലയ ജ്യോതി എന്ന പേരിൽ ലിംഗ സമത്വം ഉൾപ്പെടെയുള്ള ആശയങ്ങൾ യുവജനങ്ങളിൽ എത്തിക്കാൻ ഇത് ഉപകരിക്കും. വിവാഹ പൂർവ കൗൺസലിംഗ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. പാനൽ അഭിഭാഷകരായ അഡ്വ. ജീനു എബ്രഹാം, അഡ്വ. ജെ. മിനീസ, അഡ്വ. അംബിക കൃഷ്ണൻ, അഡ്വ. രേഷ്മ ദിലീപ്, എസ്.ഐ ആനന്ദവല്ലി, കൗൺസലർ ക്രിസ്റ്റീൻ റോസ് മാത്യു എന്നിവരും അദാലത്തിൽ പങ്കെടുത്തു.