വീണ്ടും മഴ, കരകയറാതെ കുട്ടനാട്

Saturday 20 November 2021 12:00 AM IST

ആലപ്പുഴ: മഴ മാറി അന്തരീക്ഷം തെളിഞ്ഞപ്പോൾ വീണ്ടും മഴ. ഇറങ്ങിത്തുടങ്ങിയ ആശങ്ക വീണ്ടും ഉയരുകയാണ്. കുട്ടനാട്ടുകാർ വെള്ളക്കെട്ട് ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരുമാസത്തോളമായി.

മഴ മാറാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. പമ്പ, മണിമലയാറുകളിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയാത്തതാണ് കാരണം. നെടുമുടി, കാവാലം, നീരേറ്റുപുറം എന്നിവിടങ്ങളിൽ ഇന്നലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലാണ്. മഴ കുറവായതിനാൽ അപ്പർകുട്ടനാട്ടിൽ വെള്ളം ഇറങ്ങിത്തുടങ്ങി.

പുളിങ്കുന്ന്, കൈനകരി, ചമ്പക്കുളം, മുട്ടാർ എന്നിവിടങ്ങളിലെ വെള്ളം ഇറങ്ങാൻ ഇനിയും ഒരാഴ്ചയിലേറെയെടുക്കും.

എ - സി റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു

ഇന്നലെ മുതൽ എ - സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. ചങ്ങനാശേരിയിൽ നിന്ന് പള്ളിക്കൂട്ടുമ്മ, പുളിങ്കുന്ന് സർവീസാണ് നടത്തിയത്. ആലപ്പുഴയിൽ നിന്ന് വണ്ടാനം, കഞ്ഞിപ്പാടം, ചമ്പക്കുളം, മങ്കൊമ്പുവഴി മങ്കൊമ്പ് ജംഗ്ഷൻ വരെ സർവീസ് നടത്തും. വെള്ളം കൂടുതലായതിനാൽ പള്ളിക്കൂട്ടുമ്മ, ഒന്നാങ്കര ഭാഗത്ത് സർവീസ് നടത്തുന്നില്ല. ചങ്ങനാശേരിയിലേക്ക് അമ്പലപ്പുഴ - തിരുവല്ല റൂട്ടിലാണ് സർവീസ് നടത്തുന്നത്.

കാർഷിക മേഖല തകർന്നു

രണ്ടാം കൃഷിയിലെ കൊയ്ത്ത് പൂർണമാകാത്തതും പുഞ്ചക്കൃഷി ഇറക്കാനാകാതെയും വന്നതോടെ കാർഷിക മേഖല പൂർണമായും തകർന്നു. പല പാടശേഖരങ്ങളിലും വിളവെടുപ്പ് വൈകി നെല്ല് നശിച്ചതിനാൽ കൃഷി ഉപേക്ഷിച്ചു. ഒക്ടോബർ 15ന് തുടങ്ങേണ്ട പുഞ്ച കൃഷി വെള്ളപ്പൊക്കം കാരണം പല പാടശേഖരങ്ങളിലും നടപ്പാക്കാനായില്ല.

Advertisement
Advertisement