പ്രധാനമന്ത്രി​യുടെ അപ്രതീക്ഷി​ത പ്രഖ്യാപനം

Saturday 20 November 2021 12:39 AM IST

ന്യൂഡൽഹി​: ഉത്തർപ്രദേശ് സന്ദർശനത്തിന്​ ഇന്നലെ രാവി​ലെ പുറപ്പെടുന്നതി​ന് തൊട്ടുമുൻപാണ് ഗുരുനാനാക് ജയന്തി​ പ്രമാണി​ച്ച് പ്രധാനമന്ത്രി​ നരേന്ദ്രമോദി​ രാജ്യത്തെ അഭി​സംബോധന ചെയ്യുമെന്ന് അദ്ദേഹത്തി​ന്റെ ഒാഫീസ് അറി​യി​ച്ചത്. പ്രസംഗത്തി​ൽ,​കേന്ദ്രം നടപ്പാക്കിയ കാർഷിക ക്ഷേമ പ്രവർത്തനങ്ങൾ വിവരിച്ച ശേഷമാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് മോദി അറിയിച്ചത്.

പ്രധാനമന്ത്രി​യുടെ പ്രസംഗം

അഞ്ച് ദശാബ്ദക്കാലത്തെ പൊതുജീവിതത്തിൽ കർഷകരുടെ കഷ്‌ടതകൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് 2014ൽ പ്രധാനമന്ത്രിയായപ്പോൾ കൃഷിക്ക് മുൻഗണന നൽകിയത്. കർഷകരിൽ

100ൽ 90 പേരും ചെറുകിടക്കാരാണ്. ഇവർ 10 കോടിയിലും കൂടുതലാണ്. ചെറിയ ഭൂമിയിൽ കൃഷി ചെയ്ത് കുടുംബം പോറ്റുന്നവർ. അവരുടെ

ജീവിതം മെച്ചപ്പെടുത്താനാണ് വിത്ത്, ഇൻഷ്വറൻസ്, വിപണി, സമ്പാദ്യം എന്നിവ ആസ്പദമാക്കി സർക്കാർ മുൻകരുതലുകൾ സ്വീകരിച്ചത്.

ഗുണമേന്മയുള്ള വിത്തിനോടൊപ്പം വേപ്പെണ്ണ പുരട്ടിയ യൂറിയ, സോയിൽ ഹെൽത്ത് കാർഡ്, സൂക്ഷ്‌മ ജലസേചനം തുടങ്ങിയ സൗകര്യങ്ങൾ നൽകി. അതുവഴി കാർഷിക ഉൽപാദനം കൂടി.കാർഷിക ഉൽപന്നങ്ങൾക്ക് ശരിയായ വില ലഭിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു.ഗ്രാമീണ വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി. താങ്ങുവില വർദ്ധിപ്പിച്ചു. കാർഷിക ഉത്പന്നങ്ങളുടെ സംഭരണം റെക്കാഡുകൾ തകർത്തു.കർഷകർക്ക് ഇൻഷ്വറൻസ്, പെൻഷൻ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു. ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചു. കൃഷി ബഡ്ജറ്റിൽ അഞ്ചിരട്ടി വർദ്ധനവുണ്ടായി. ഒരു ലക്ഷം കോടിയുടെ വികസന ഫണ്ടിലൂടെ കൃഷി, സംഭരണം, വിപണനം എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.

ഇതിന്റെ തുടർച്ചയായി കർഷകരുടെ അവസ്ഥ കൂടുതൽ മെച്ചപ്പെടുത്താനാണ് മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നത്. ചെറുകിട കർഷകരെ ശക്തിപ്പെടുത്താനും ഉത്പന്നങ്ങൾക്ക് ശരിയായ വില ഉറപ്പാക്കാനും അവ വിൽക്കാൻ പരമാവധി അവസരങ്ങൾ ലഭിക്കാനും ആഗ്രഹിച്ചു. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമായിരുന്നു അത്. മുൻ സർക്കാരുകളും നിയമങ്ങൾ ആലോചിച്ചതാണ്. നിരവധി കർഷക സംഘടനകൾ പിന്തുണച്ചു.

കർഷകരുടെ ശോഭനമായ ഭാവിക്ക് വേണ്ടിയാണ്, നിയമങ്ങൾ കൊണ്ടുവന്നത്. ഇന്ന് പൗരൻമാരോട് ക്ഷമ ചോദിക്കുന്നു.ഞങ്ങൾ എത്ര ശ്രമിച്ചിട്ടും കാർഷിക നിയമങ്ങളുടെ പ്രാധാന്യം ഒരു വിഭാഗം കർഷകരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ല. കാർഷിക സാമ്പത്തിക വിദഗ്ദ്ധരും ശാസ്ത്രജ്ഞരും പുരോഗമന കർഷകരും പരമാവധി ശ്രമിച്ചു. വിഷയം കോടതിയിലുമെത്തി. ഒടുവിൽ നിയമം നടപ്പാക്കുന്നത് മരവിപ്പിച്ചു. ഇപ്പോൾ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചതായി അറിയിക്കുന്നു.

ഈ മാസം അവസാനം പാർലമെന്റ് സമ്മേളനത്തിൽ നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കും. അതിനാൽ സമരം ചെയ്യുന്ന കർഷകർ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് ഒരു പുതിയ തുടക്കമിടാം.

Advertisement
Advertisement