അതിജീവനത്തിന് വഴിതേടി എ.വി.എം കനാൽ

Saturday 20 November 2021 2:39 AM IST

പൂവാർ: തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായ അനന്ത വിക്ടോറിയ മാർത്താണ്ഡവർമ്മ കനാൽ എന്ന എ.വി.എം കനാൽ അധികൃതരുടെ അവഗണനയിൽ നശിക്കുന്നു. കന്യാകുമാരി മുതൽ കോവളം വരെയായിരുന്നു രാജഭരണകാലത്ത് കനാൽ നിർമ്മിച്ചത്. എന്നാൽ കനാലിന്റെ കോവളം മുതൽ പൂവാർ വരെയുള്ള ഭാഗം ഇപ്പോൾ പൂർണമായും ഇല്ലാതായ അവസ്ഥയാണ്. പൂവാർ, കുളത്തൂർ പഞ്ചായത്തുകളിലൂടെയാണ് കനാലിന്റെ കേരളത്തിലെ ഭാഗം കടന്നുപോകുന്നത്.

നിർമ്മാണഘട്ടത്തിൽ കനാലിന്റെ വീതി 20 മീറ്റർ ആയിരുന്നുവെങ്കിൽ ഇപ്പോഴത് പല സ്ഥലങ്ങളിലും 5 മീറ്ററിൽ താഴെയാണ്. കൈയേറ്റങ്ങളും മാലിന്യനിക്ഷേപവുമാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. അധികൃതരും കനാലിനെ തഴഞ്ഞതോടെ നാശം പൂർണമായി. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കനാലിന്റെ വീണ്ടെടുപ്പിന് പദ്ധതി പ്രഖ്യാപിക്കണമെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.

രാജഭരണകാലത്തെ ജലപാത

പൂവാർ, പൊഴിയൂർ, കൊല്ലംങ്കോട്, തേങ്ങാപ്പട്ടണം, കുളച്ചൽ, മണ്ടയ്ക്കാട്, പുത്തൂർ വഴി കന്യാകുമാരിയിലേക്കാണ് ജലപാത കടന്നുപോയിരുന്നത്. തൂത്തുക്കുടിയിൽ നിന്ന് ഉപ്പും നാഞ്ചിനാട്ടിൽ നിന്ന് അരിയും മറ്റ് ധാന്യങ്ങളും തിരുവിതാംകൂറിൽ എത്തിച്ചിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. രാജഭരണ കാലത്തുടനീളം ഇതിലൂടെ അയൽനാടുമായിട്ടുള്ള വ്യാപാരബന്ധം ശക്തിപ്രാപിച്ചിരുന്നു. പിൽക്കാലത്ത് റോഡ് ഗതാഗതം ശക്തി പ്രാപിക്കുകയും വ്യാപാര വ്യവസായ മേഖലയിലുണ്ടായ മാറ്റങ്ങളും കാരണം എ.വി.എം കനാൽ ഉപയോഗശൂന്യമാവുകയുമായിരുന്നു.

കനാൽ അപ്രത്യക്ഷമായത്: 12 കി.മീ

(തമിഴ്നാട്ടിൽ സൈമൺ കോളനി

മുതൽ തേങ്ങാപട്ടണം വരെ)

കവർന്നെടുക്കുന്ന ചരിത്രം

1860ൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ് എ.വി.എം കനാൽ നിർമ്മിച്ചത്. തിരുവിതാംകൂറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുകയും, അതിലൂടെ വ്യാപാര വാണിജ്യ ബന്ധം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. സ്വർണ തൂമ്പയാൽ മഹാരാജാവ് തുടക്കം കുറിച്ച കനാൽ പൂർണമായും മനുഷ്യനിർമ്മിതമാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ കുലദൈവമായ അനന്തപദ്മനാഭന്റെയും ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെയും പേരുകൾ (എ.വി.എം) ചേർത്തായിരുന്നു നാമകരണം നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഭാഗമായ കുളച്ചൽ വരെ ഒന്നാം ഘട്ടമായും, അതുകഴിഞ്ഞ് കന്യാകുമാരി വരെ രണ്ടാം ഘട്ടമായുമാണ് കനാലിന്റെ പണി പൂർത്തീകരിച്ചത്.

മുമ്പ്: കനാലിന്റെ ഏറ്റവും കുറഞ്ഞ വീതി 20 മീറ്റർ  ഇന്ന്: 5 മീറ്റർ

"എ.വി.എം കനാൽ നവീകരിച്ച് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കൈയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിക്കും."

സുധാർജ്ജുനൻ, കുളത്തൂർ

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്