കൈമനം - കരുമം റോഡിനും വേണം ശാപമോക്ഷം

Saturday 20 November 2021 2:56 AM IST

തിരുവനന്തപുരം: മഴ പെയ്താൽ കുളം ഇല്ലെങ്കിൽ കുഴി ഇതാണിപ്പോൾ കൈമനം - കരുമം റോഡിന്റെ അവസ്ഥ. സാഹസവും സർക്കസും കാട്ടിയാണ് വാഹനങ്ങളും കാൽനടയാത്രികരും ഇതൊക്കെ മറികടന്നുപോകുന്നത്. കൈമനം മുതൽ കരുമം വരെയുള്ള റോഡ് ഈ അവസ്ഥയിലായിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഇപ്പോഴും ഇത് നന്നാക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. രണ്ടേമുക്കാൽ കിലോമീറ്ററോളം റോഡിന്റെ ടാറിളകി പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുകൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനുവേണ്ടിയും കുഴിയെടുത്തതോടെ റോഡ് പൂർണമായും തകർന്നു. കുഴികൾ താത്കാലികമായി മൂടിയെങ്കിലും മഴയത്ത് മണ്ണിളകി ആകെ ചെളിക്കളമായി.

 അപകടവും ഗതാഗതകുരുക്കും

റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ടായി. കൂടുതൽ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ് രാത്രിയിൽ ഇതുവഴി സഞ്ചരിക്കവേ കുഴി ശ്രദ്ധയിൽപ്പെടാതെ ബൈക്കിൽ വന്ന രണ്ടുപേർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. കുണ്ടും കുഴിയും കാരണം ഇവിടെ ഏത് സമയത്തും ഗതാഗതക്കുരുക്കാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാട്ടുകാരുടെ ദുരിതവും അപകടസാദ്ധ്യതയും ചൂണ്ടിക്കാട്ടി പലതവണ ഉദ്യോഗസ്ഥരോട് നേരിട്ടും കത്ത് നൽകിയും പരാതി പറഞ്ഞതായി കൗൺസിലർ ആശാനാഥ് പറഞ്ഞു.

 കാരണം സാങ്കേതിക തടസം

പി.ഡബ്ല്യു.ഡി വകുപ്പിന്റെ കീഴിലാണ് കൈമനം കരുമം റോഡ് വരുന്നത്. സാങ്കേതിക കാരണങ്ങൾ മൂലമാണ് റോഡ് പണി ആരംഭിക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. ജോലികളിലെ കാലതാമസം ഒഴിവാക്കാൻ വേണ്ടിയുള്ള സർക്കാർ മാനദണ്ഡമനുസരിച്ച് മാസങ്ങൾക്ക് മുമ്പ് ഇവിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടുന്ന ജോലികൾ ചെയ്ത കോൺട്രാക്ടർ തന്നെയാണ് ഈ റോഡിന്റെ പണിയും ചെയ്യുന്നത്. പി.ഡബ്ല്യു.ഡിയുടെ പ്രൈസ് സോഫ്ട്‌വെയറിലുള്ള സാങ്കേതിക തടസം കാരണം കോൺട്രാക്ടർക്ക് ജോലികൾ ചെയ്യുന്നതിനുള്ള ഉത്തരവ് നൽകാൻ സാധിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാൽ മാത്രമേ ജോലികൾ ആരംഭിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.

Advertisement
Advertisement