നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിക്കും,​ ഇഫി ചലച്ചിത്രോത്സവത്തിന് തുടക്കം

Sunday 21 November 2021 6:49 AM IST

പനാജി.ഇന്ത്യയുടെ 52-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു ( ഇഫി )തുടക്കമായി.ബോളിവുഡ് താരങ്ങളാൽ സമ്പന്നമായ സദസിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ മേളയുടെ തിരിതെളിച്ചു. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു.കലാകാരൻമാരെ ദൈവതുല്യരായി കണ്ട രാജ്യമാണ് ഇന്ത്യയെന്ന് ശ്രീധരൻപിള്ള പറ‌ഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്,കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി എൽ.മുരുഗൻ, സൽമാൻഖാൻ, കരൺജോഹർ, ഋതേഷ് ദേശ്മുഖ്, തുടങ്ങി പ്രമുഖർ സന്നിഹിതരായിരുന്നു.ഫിലിം പേഴ്സണാലിറ്റി അവാർഡ് പ്രശസ്തനടി ഹേമമാലിനിയും ഗാനരചയിതാവ് പ്രസൂൺജോഷിയും അനുരാഗ് ഠാക്കൂറിൽ നിന്ന് ഏറ്റുവാങ്ങി.ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മാർട്ടിൻ സ്കോർസെസെയും ഇസ്തവാൻ സാംബോയ്ക്കും വേണ്ടി പ്രതിനിധികൾ സ്വീകരിച്ചു.കിംഗ് ഓഫ് ആൾ ദി വേൾഡ് ആയിരുന്നു ഉദ്ഘാടനചിത്രം.അന്തരിച്ച മലയാളി നടൻ നെടുമുടി വേണുവിന് പ്രണാമമർപ്പിച്ച് ഹോമേജ് വിഭാഗത്തിൽ മാർഗം പ്രദർശിപ്പിക്കുന്നുണ്ട്.ആദ്യം വേണുവിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ കണക്കിലെടുത്ത് രാവിലെ പത്തുമണിക്കാണ് ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കുന്നത്.

Advertisement
Advertisement