ആര്യൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ല, ബോംബെ ഹൈക്കോടതി ഉത്തരവ് പുറത്ത്

Sunday 21 November 2021 12:00 AM IST

മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ഇവരുടെ വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും ബോംബെ ഹൈക്കോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്രചെയ്തു എന്നതുകൊണ്ട് മാത്രം ഗൂഢാലോചനക്കുറ്റം ചുമത്താനാകില്ല. പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ യാതൊന്നും എൻ.സി.ബിക്ക് ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞില്ല. ഇവർ വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ല. എൻ.സി.ബി രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിൽ പറയുന്നു. ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ അടക്കമുള്ളവരെ എൻ.സി.ബി അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ 28നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയായിരുന്നു ആര്യന് വേണ്ടി ആൾജാമ്യം നിന്നത്.

Advertisement
Advertisement