കുൽഗാമിൽ ഏറ്റുമുട്ടൽ: ഭീകരനെ വധിച്ചു

Sunday 21 November 2021 12:06 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്‌മുജി മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തസേന പ്രദേശമാകെ വളഞ്ഞ് തെരച്ചിൽ തുടരുന്നതിനിടെയാണ് ഭീകരർ വെടിവയ്പ് നടത്തിയത്. സേന ശക്തമായി തിരിച്ചടിച്ചെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു.

മൂന്ന് ദിവസത്തിനിടെ കുൽഗാം ജില്ലയിൽ മൂന്നാം തവണയാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. നവംബർ 17ന് കുൽഗാമിലെ പോംപി, ഗോപാൽപോറ ഗ്രാമങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ കമാൻഡർമാർ അടക്കം അഞ്ച് ഭീകരരെ വധിച്ചിരുന്നു.