ബ്രിട്ടനും ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിച്ചേക്കും
Sunday 21 November 2021 3:03 AM IST
ലണ്ടൻ:ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഉയിഘൂർ മുസ്ലിങ്ങളുൾപ്പെടെയുള്ളവർക്കെതിരെ ചൈനയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ കണക്കിലെടുത്താണിതെന്നാണ് റിപ്പോർട്ടുകൾ. ശീതകാല ഒളിമ്പിക്സ് നയതന്ത്രമായി ബഹിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ബോറിസ് ജോൺസൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്നും എന്നാൽ ചൈനയിലെ ചില ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ചർച്ചകൾ ബ്രിട്ടനിൽ സജീവമായി നടക്കുന്നുണ്ട്. അടുത്ത വർഷം ഫെബ്രുവരി നാല് മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്സ് നടക്കുന്നത്.