എക്സൈസിന് പിടിപ്പതു പണി: ഏറുന്നു രാസലഹരി കടത്ത്

Saturday 20 November 2021 9:10 PM IST

കണ്ണൂർ:ഈ വർഷം ജില്ലയിൽ പിടിച്ചെടുത്ത ലഹരി ഉത്പ്പന്നങ്ങളിലേറെയും എം.ഡി.എം.എയും എൽ.എസ്.ഡിയും രാസലഹരിയിനങ്ങൾ.എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നെർക്കോടിക്സ് സ്പെഷ്വൽ സ്ക്വാഡ് ജനുവരി മുതൽ നടത്തിയ പരിശോധനയിലാണ് ഇത്തരം ലഹരിവസ്തുക്കളുടെ കടത്ത് വർ‌ദ്ധിക്കുന്നതായി കണ്ടെത്തിയത്

കർണ്ണാടക ,ഗോവ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം ലഹരി ഉത്പ്പന്നങ്ങൾ ജില്ലയിലെത്തുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

2020 ഒക്ടോബർ വരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എം.ഡി.എം.എയാണ് എക്‌സൈസ് പിടികൂടിയത്. ഈ വർഷം നവംബറിൽ 160.49 ഗ്രാം എം.ഡി.എം.എ പിടിയിലായി. പൊലീസ് പിടികൂടിയതിനു പുറമെയാണിത്. ഗ്രാമിന് 3000 മുതൽ 4000 വരെയാണ് എം.ഡി.എം.എ വില. ബംഗളൂരുവിൽനിന്നാണ് ഇവ എത്തുന്നത്.1000 മുതൽ 1500 രൂപയ്ക്ക് വരെ വാങ്ങുന്ന എം.ഡി.എം.എയാണ് ഇവിടെ ഇരട്ടിയിലേറെ ഇടാക്കി വിൽക്കുന്നത്.ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ് ഇവ കൂടുതലായും എത്തുന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.ലഹരി ഉത്പ്പന്നങ്ങളുടെ കടത്തും വിൽപ്പനയും നിയന്ത്രണങ്ങൾക്കിടിയിലും ഉയരുകയാണ്.കൂടുതലായും പ്രതികളാകുന്നത് യുവാക്കളാണ്.

കഞ്ചാവ്,​നിരോധിത പുകയിലകടത്തിനും കുറവില്ല

.6901 കോട്പ കേസുകളിലായി (പുകയില ) 13.80ലക്ഷം രൂപയാണ് എക്സൈസ് പിഴയായി ഈടാക്കിയത്. 2171. 295 കിലോ പുകയിലയും പിടിച്ചെടുത്തു.322 മയക്കു മരുന്ന് കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. 330 പേർ പ്രതികളായി. 65.9 കി. ഗ്രാം കഞ്ചാവും 87 കഞ്ചാവ് ചെടികളും പിടികൂടി.

പച്ചക്കറിവണ്ടികളിലും മത്സ്യവണ്ടികളിലും ലഹരി ഉത്പ്പന്നങ്ങൾ ഒളിപ്പിച്ച് കൊണ്ടുവരുന്നതും പതിവാണ്.ട്രെയിൻ വഴിയും സ്വകാര്യ വാഹനങ്ങിലും ലഹരി വസ്തുക്കൾ ഒരു പോലെ ജില്ലയിലെത്തുന്നുണ്ട്. മാഹി ,ഗോവ ,കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് 4626.11 ലിറ്റർ മദ്യവും 4196 .35 ലിറ്റർ വിദേശമദ്യവും ജില്ലയിലെത്തി.1543 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്

നിയമവിരുദ്ധകടത്ത് കണക്കുകൾ(എക്സൈസ്)​

ബീയർ - 133.45 ലിറ്റർ
വാഷ് - 77912 ലിറ്റർ
കള്ള് - 376.8 ലിറ്റർ
ഹാഷിഷ് ഓയിൽ -127.37 ഗ്രാം

നാടൻ തോക്ക് - 5 എണ്ണം
വടിവാൾ- 6 എണ്ണം
വെടിയുണ്ട - 8 എണ്ണം

എൽ.എസ്.ഡി - 538 മില്ലിഗ്രാം

കുഴൽ പണം - 24,88,000 രൂപ

ലഹരി ഉത്പ്പന്നങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നെർക്കോടിക്സ് സ്പെഷ്വൽ സ്ക്വാഡ് ശക്തമായ പരിശോധന നടത്തിവരികയാണ്.സ്കൂളുകൾ കേന്ദ്രീകരിച്ച് എക്സ്സൈസ് വകുപ്പിന്റെ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.കുട്ടികളും യുവാക്കളും ലഹരിയിലേക്ക് കടക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്.

കെ.എസ്.ഷാജി,ഡെപ്യൂട്ടി കമ്മിഷണർ,എക്സൈസ്

Advertisement
Advertisement