പീനട്ട് ബട്ടറിനും ജല്ലിയ്ക്കും ബൈഡൻ 'മാപ്പ്' നൽകി

Sunday 21 November 2021 2:43 AM IST

വാഷിംഗ്ടൺ: പീനട്ട് ബട്ടറിനും ജല്ലിയ്ക്കും ‘മാപ്പ്’ നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. താങ്ക്സ്ഗിവിംഗ് ആഘോഷങ്ങൾക്ക് ഭക്ഷണമാകേണ്ടിയിരുന്ന രണ്ട് ടർക്കികളാണ് ഇവർ. പ്രസിഡന്റ് പരമ്പരാഗതമായി നൽകിവരുന്ന പ്രസിഡൻഷ്യൽ മാപ്പാണ് ടർക്കികളുടെ ജീവൻ രക്ഷിച്ചത്.

കാണാനുള്ള പ്രത്യേകത കൊണ്ടും മറ്റ് ഗുണങ്ങൾ കൊണ്ടുമാണ് ടർക്കികൾക്ക് മാപ്പ് നൽകിയതെന്ന് ബൈഡൻ തമാശരൂപേണ പറഞ്ഞു. ടർക്കികളുടെ കണ്ണിൽ നോക്കി, എല്ലാം ശരിയാകും എന്ന് പറയുന്നതാണ് അമേരിക്കക്കാർക്ക് വേണ്ടതെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇന്ത്യാനയിലെ പർഡ്യൂ സർവകലാശാലയിലേക്കാണ് പീനട്ട് ബട്ടറിനേയും ജെല്ലിയേയും മാറ്റുക.

 എന്താണ് താങ്ക്സ്ഗിവിംഗ്?

കഴിഞ്ഞ വർഷം രാജ്യത്തിന് ലഭിച്ച ഐശ്വര്യങ്ങളുടേയും വിളവെടുപ്പിന്റേയും പേരിലാണ് പ്രതീകാത്മകമായി താങ്ക്സ്ഗിവിംഗ് നടത്തുന്നത്. അമേരിക്കയിൽ നവംബർ 25നാണ് താങ്ക്സ്ഗിവിംഗ് ആഘോഷിക്കുന്നത്. കാനഡയിൽ ഇത് ഒക്ടോബർ 11നായിരുന്നു. അവധി ദിവസമായ അന്ന് കുടുംബങ്ങൾ ഒത്തുകൂടി പരമ്പരാഗത രീതിയിൽ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ടർക്കി റോസ്റ്റ് കഴിക്കും. ഇരു രാജ്യങ്ങളുടേയും ദേശീയ അവധി ദിനമാണിത്.

Advertisement
Advertisement