ഗ്രാമങ്ങളിൽ സ്ഥലവില്പന പൊന്നും വിലയ്ക്ക്

Sunday 21 November 2021 12:00 AM IST

# ദേശീയപാത നഷ്ടപരിഹാര വിതരണം ഊർജ്ജിതം

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുകയുടെ വിതരണം ആരംഭിച്ചതോടെ ഗ്രാമീണ മേഖലകളിൽ സ്ഥലവില ഉയരുന്നു. വീടും സ്ഥലവും നഷ്ടപ്പെടുന്നവർ പുതിയ ഭൂമിക്കായുള്ള അന്വേഷണം ആരംഭിച്ചതോടെയാണ് ഡിമാൻഡ് വർദ്ധിച്ചത്.

സ്ഥലം വിൽപ്പനയ്ക്കുണ്ടെന്ന് കാണിച്ച് ധാരാളംപേരാണ് ഓരോ ദിവസവും സമീപിക്കുന്നതെന്ന് ഇടനിലക്കാരായ ഏജന്റുമാർ പറയുന്നു. നഷ്ടപരിഹാര തുക ഓരോരുത്തരുടെയും കൈകളിലേക്ക് ലഭിക്കുന്നതോടെ കച്ചവടം ഉഷാറാകുമെന്നാണ് കണക്കുകൂട്ടൽ. ഭൂമി ഏറ്റെടുക്കുമ്പോൾ താമസം പൂർണമായി മാറേണ്ടിവരുന്നവർക്കാണ് പുതിയ ഭൂമി ആവശ്യമായി വരിക.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിക്കും കെട്ടിടങ്ങളുൾപ്പെടെയുള്ള എല്ലാ നിർമ്മിതികൾക്കും കാർഷിക വിളകൾക്കും മരങ്ങൾക്കും പ്രത്യേകമായി വില നിർണയം നടത്തി സമാശ്വാസപ്രതിഫലവും ചേർത്ത് ഇരട്ടിത്തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഒരേ വില്ലേജിൽ തന്നെ അടുത്തടുത്ത ഭൂമിക്ക് പോലും സ്ഥലവിലയിൽ വ്യത്യാസമുണ്ടാകും.

ഏജന്റുമാർക്ക് നല്ലകാലം

1. സാധാരണ മൂന്ന് ശതമാനം കമ്മിഷനാണ് ഇടനിലക്കാർ വാങ്ങുന്നത്

2. വിൽപ്പന നടത്തുന്നയാൾ തുക നൽകണം

3. കോടികളുടെ കച്ചവടം നടക്കുമ്പോൾ കമ്മിഷൻ കുറയ്ക്കും

4. കൂടുതൽ പേർ വീടിനും സ്ഥലത്തിനും സമീപിച്ചാൽ ഏജന്റുമാരുടെ സമയം തെളിയും

5. റിയൽ എസ്റ്റേറ്റ് വ്യാപാരം വീണ്ടും ഉണർവിലാകും

ജില്ലയിൽ നഷ്ടപരിഹാരം ലഭിക്കുന്നത് - 9000 ഓളം പേർക്ക്

""

നഷ്ടപരിഹാര വിതരണം പുരോഗമിക്കുകയാണ്. ഒരു സെന്റിന് ഇത്ര രൂപയെന്ന തരത്തിൽ ഒരേ നിരക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഒരു പ്രദേശത്ത് തന്നെ വിവിധ ഭൂമിക്ക് പല വിലയായിരിക്കും.

ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥർ

""

ഭൂമിവിൽപ്പനയ്ക്കായി ധാരാളം പേർ സമീപിക്കുന്നുണ്ട്. പ്രധാന പാതയോരത്തെ സ്ഥലങ്ങൾ വികസനത്തിന്റെ പേരിൽ നഷ്ടമായേക്കുമെന്ന് ഭയമുള്ളതിനാൽ പലരും ഗ്രാമീണ പ്രദേശങ്ങളിലെ സ്ഥലം അന്വേഷിക്കുന്നുണ്ട്. നഷ്ടപരിഹാര വിതരണം പൂർണമാകുന്നതോടെ കച്ചവടം വർദ്ധിക്കും.

സുരേഷ്, സ്ഥലവിൽപ്പന ഏജന്റ്

Advertisement
Advertisement