ഇ.പി.എഫിന് കേന്ദ്രീകൃത ഡേറ്റ ബേസ്

Sunday 21 November 2021 12:34 AM IST

ന്യൂഡൽഹി: ജീവനക്കാരുടെ ഇ.പി.എഫ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ഡേറ്റ ബേസിലേക്കും ഐ.ടി അടിസ്ഥാന സംവിധാനത്തിലേക്കും മാറ്റാനുമുള്ള നടപടികൾക്ക് ഇന്നലെ ചേർന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗം അനുമതി നൽകി.

സി-ഡാക് ആവിഷ്‌കരിച്ച കേന്ദ്രീകൃത ഐ.ടി സംവിധാനമാണ് ഇ.പി.എഫ്.ഒയിൽ നടപ്പാക്കുക. ഇതിന്റെ ഭാഗമായി എല്ലാ വിവരങ്ങളും കേന്ദ്ര ഡേറ്റാ ബേസിലേക്ക് മാറ്റും. നടപടികൾ സുഗമമാക്കാനും സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഇത് സഹായിക്കും. കേന്ദീകൃത സംവിധാനത്തിലേക്ക് മാറുമ്പോൾ ഒരാളുടെ പേരിലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ലയിപ്പിക്കാനാകും. തൊഴിലിടം മാറുന്നവർക്ക് ഇതുപകരിക്കും.

തൊഴിൽ സുരക്ഷാ കോഡുകൾ നടപ്പാക്കൽ, ഡിജിറ്റൽ മികവ് കൂട്ടൽ, പെൻഷൻകാര്യ-ഭരണകാര്യ വിഷയങ്ങൾക്കായി ജീവനക്കാരുടെയും തൊഴിലുടമകളുടെയും പ്രതിനിധികളുൾപ്പെട്ട നാല് ഉപസമിതികളുടെ രൂപീകരണത്തിനും ട്രസ്റ്റി ബോർഡ് അനുമതി നൽകി. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement