കാർഷികനിയമങ്ങളും ഇന്ധനവിലയും ബി.ജെ.പിയും

Sunday 21 November 2021 1:05 AM IST

രാജ്യത്തെ മൊത്തം കാർഷികമേഖലയിലും വലിയ അനുകൂലമാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമപരിഷ്കാരങ്ങൾ ഒരു വർഷത്തിന് ശേഷം അവർക്കു തന്നെ പിൻവലിച്ച് ഓടേണ്ടി വന്നിരിക്കുന്നു. അങ്ങനെ ഓടാൻ കൂട്ടാക്കുന്നവരല്ല ബി.ജെ.പിയും അവരുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും നേതൃത്വം നല്‌കുന്ന ഭരണകൂടം. ജനതാത്‌പര്യങ്ങളേക്കാൾ കോർപ്പറേറ്റ് താത്‌പര്യങ്ങളെ ഗൗനിക്കാനും ജനാധിപത്യത്തോട് പലപ്പോഴും മുഖംതിരിച്ച് നിന്നാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് നീങ്ങുകയും ചെയ്യുന്ന ഭരണകൂടമാണ് നിലവിലുള്ളത്. ബി.ജെ.പിയേക്കാൾ പ്രാദേശികവാദവും മതമൗലികവാദവുമൊക്കെ കൊണ്ടുനടക്കുന്നുവെന്ന് നമ്മൾ കരുതുന്ന മഹാരാഷ്ട്രയിലെ ശിവസേന പോലും ജനതാത്‌പര്യങ്ങളെ ഗൗനിച്ച് നീങ്ങുന്നുവെന്ന കൗതുകകരമായ സ്ഥിതിവിശേഷവുമുണ്ട്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊക്കെ അടിക്കടി വിലകൂട്ടാനുള്ള ജാലവിദ്യകൾ പ്രയോഗിക്കുകയും അതിനൊക്കെ എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ നിരത്തി ഇന്ത്യയിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതി കാലം കഴിക്കുകയാണ് ബി.ജെ.പി സർക്കാർ. അതിജീവനത്തിനായി കോർപ്പറേറ്രുകളുടെ സൗജന്യത്തിൽ അവർ നേതാക്കന്മാർക്കായി വലിയ തോതിൽ പ്രചരണകോലാഹലങ്ങൾ ഒരുക്കുന്നു. സമൂഹമാദ്ധ്യമങ്ങളെ വലിയതോതിൽ ഉപയോഗപ്പെടുത്തി സൃഷ്‌ടിക്കുന്ന വ്യാജ ജനപ്രീതി എത്രകാലം കൊണ്ടുനടക്കാനാകുമെന്ന ചോദ്യം അവരെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. ഈ നിർണായക സന്ദർഭത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടിവന്നതും, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതും.

എന്തുകൊണ്ട് കർഷക സമരം ?​

മൂന്ന് കാർഷികനിയമങ്ങൾ കഴിഞ്ഞവർഷം പാർലമെന്റ് പാസാക്കി. ഫാർമേഴ്സ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഒഫ് പ്രൊട്ടക്‌ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ, ഫാർമേഴ്സ് പ്രൊഡ്യൂസ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ, എസൻഷ്യൽ കമ്മോഡിറ്റീസ് അമെൻഡ്മെന്റ് ആക്ട് എന്നിവ. കർഷകന് മിനിമം താങ്ങുവില ഉറപ്പാക്കി ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് അവനെ രക്ഷിച്ചെടുക്കുകയും കർഷകന് സമ്മോഹനമായ ഭാവി ഉറപ്പാക്കുകയും ചെയ്യുമെന്ന മോഹനവാഗ്ദാനമാണ് നിയമനിർമ്മാണത്തിലൂടെ കേന്ദ്രസർക്കാരും ബി.ജെ.പി നേതൃത്വവും പ്രചരിപ്പിച്ചത്.

പ്രാദേശിക ചന്തകൾ (മണ്ടികൾ) പണ്ട് ഇന്ദിരാഗാന്ധി രാജ്യം ഭരിക്കുമ്പോൾ കർഷകന് വിപണിയുണ്ടാക്കാൻ സൃഷ്ടിച്ചെടുത്ത സംവിധാനമായിരുന്നു. അവിടെ കർഷകന് ഒരു സുരക്ഷിതബോധമുണ്ടായിരുന്നുവെന്ന് വേണം കരുതാൻ. വിലപേശൽ ശേഷി അവിടെ ഇല്ലാതായില്ല. കാരണം ഒരൊറ്റ കരാറുകാരനുമായി മാത്രം അവന് നേർക്കുനേർ നില്‌ക്കേണ്ടി വരുന്നില്ല എന്നതുതന്നെ.

പുതിയ നിയമം കൊണ്ടുവരുമ്പോൾ കൃഷിക്കാരൻ നേരിടേണ്ടിവരുന്ന ചൂഷണത്തെപ്പറ്റിയാണ് വലിയ വായിൽ സംഘപരിവാർ പ്രൊപ്പഗാന്റിസ്റ്റുകൾ വ്യാകുലചിത്തരാകുന്നത്. ഉദാഹരണം ഇങ്ങനെ: " മറ്റൊരു മേഖലയിലും നടക്കാത്ത വിധം ഉത്‌പാദകന് ഉത്‌പന്നത്തിന്മേൽ വില നിശ്ചയിക്കാൻ കഴിയാതെ പോകുന്ന ഏക തൊഴിൽമേഖലയാണ് കാർഷികരംഗം. രണ്ടുരൂപയ്ക്ക് കർഷകനിൽ നിന്ന് വാങ്ങുന്ന തക്കാളി ഇരുപത് രൂപയ്ക്ക് മാർക്കറ്റിലെത്തുന്ന ചൂഷണമാണ് ഇപ്പോൾ നടക്കുന്നത്. പതിനെട്ട് രൂപ മറ്റാരുടെയോ കൈകളിലേക്കെത്തുകയാണ്. ഈ ചൂഷണം ഒഴിവാക്കപ്പെടുകയാണെന്നതാണ് പുതിയ കാ‌ർഷികബില്ലിന്റെ നേട്ടം. കർഷകന് അവരുടെ ഉത്‌പന്നം ആർക്ക് വേണമെങ്കിലും വിൽക്കാൻ കഴിയുന്നു. നേരിട്ട് വിലയുറപ്പിക്കാനാകുന്നു. ഉത്‌പാദകന് അവന്റെ ഉത്‌പന്നത്തിന്മേൽ അവകാശമില്ലാതിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇനി ഉത്‌പാദകനും, അതായത് കർഷകനും, കോൺട്രാക്ടർക്കും ഇടയിൽ മറ്റൊരാൾ വരുന്നില്ല. വില നിശ്ചയിക്കാൻ നേരിട്ട് കർഷകന് കഴിയുന്നു. "

ഒറ്റനോട്ടത്തിൽ എന്ത് ആകർഷണീയമാണ്. ആരെയും മയക്കുന്ന ന്യായീകരണം . പക്ഷേ ആരൊക്കെ വീണിട്ടും രാജ്യത്തെ കർഷകൻ മാത്രം അത് ഉൾക്കൊണ്ടില്ല എന്നിടത്താണ് ഈ നിയമപരിഷ്കാരങ്ങൾ അത്രമേൽ നിഷ്കളങ്കമല്ലെന്ന പ്രതീതി കർഷക സമൂഹത്തിനിടയിൽ ഉയർത്തിവിട്ടത്. യഥാർത്ഥ ഗുണഭോക്താക്കളാകേണ്ട സമൂഹം സർവശക്തിയുമെടുത്ത് അതിനെ എതിർക്കുമ്പോൾ അതിലെന്തോ ചതിക്കുഴിയുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞുള്ള ഇടപെടലുണ്ടാകുമ്പോഴാണ് ജനാധിപത്യം സാർത്ഥകമാകുന്നത്. അതുണ്ടായില്ല, മറിച്ച് കോർപ്പറേറ്റുകളുടെ ആരോഗ്യത്തിൽ മാത്രം ശ്രദ്ധിച്ച് ജനാധിപത്യബോധത്തെ മറച്ചുപിടിച്ചു എന്നിടത്താണ് മോദി സർക്കാരിന്റെ വീഴ്ച.

ലോക്കൽവിപണികളും ഇടനിലക്കാരുമെല്ലാം ഇല്ലാതായിക്കഴിയുമ്പോൾ കർഷകനും കോൺട്രാക്ടറും മാത്രമാകും. കുത്തകകളാകും കരാറുകാർ. ആദ്യമൊക്കെ മോഹവില കൊടുത്ത് കർഷകനെ മയക്കുമായിരിക്കാം. പിന്നീട് അവർ ഇരുവരിലേക്കും മാത്രമായി കാര്യങ്ങൾ ചുരുങ്ങുമ്പോൾ, കർഷകന്റെ കൃഷിഭൂമിയിലേക്ക് കരാറുകാരൻ ഇറങ്ങിച്ചെല്ലും. അവനോട് പറയും ഇത്തവണ ഈ വിള മതി. അവൻ അതനുസരിക്കേണ്ടിവരും. വില ചൂഷണം വലിയ തോതിലാകും. മിനിമം താങ്ങുവില ഉറപ്പാക്കിയാൽ എങ്ങനെ ചൂഷണം നടക്കുമെന്ന മറുചോദ്യമുയർത്തുന്ന വിദഗ്ദ്ധരുണ്ട്. അവരോട് മണ്ണിൽ അദ്ധ്വാനിച്ച് ശീലമുള്ള കർഷകൻ ചോദിച്ച സംശയമിതാണ്. 'മിനിമം താങ്ങുവില നിശ്ചയിക്കാനുള്ള അധികാരവും കുത്തകകൾക്ക് കൈമാറില്ലേ. '

ആഗോളീകരണയുഗത്തിന് ശേഷം രാജ്യത്തെ ഇതേവരെയുള്ള അനുഭവപാഠം ഈ സംശയത്തെ സാധൂകരിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ സമൃദ്ധമായി ഉള്ളിക്കൃഷി നടന്നിരുന്ന മേഖലയിൽ മേല്പറഞ്ഞ കരാർ കൃഷിരീതി നടപ്പാക്കിക്കഴിഞ്ഞ ശേഷം കർഷകന് നേരിട്ട ദുരന്തം വിവരണാതീതമാണ്. അവിടെ കരാറുകാരൻ മറ്റ് കൃഷികളൊന്നും അനുവദിച്ചില്ല. ആദ്യവർഷങ്ങളിൽ ഈ വിവാദനിയമങ്ങൾ ആകർഷണീയമായിരിക്കാം. മൂന്ന്-നാല് വർഷം കഴിയുമ്പോൾ അറിയാം കാര്യം. ഇത് മണ്ണിൽ പണിയെടുക്കുന്ന കൃഷിക്കാരൻ തിരിച്ചറിഞ്ഞിടത്താണ് അവന്റെ മഹത്വം പ്രകടമായത്. അത് തിരിച്ചറിയാതെ പോയതാണ് ബി.ജെ.പിയുടെ വലിപ്പമില്ലായ്മ പ്രകടമാക്കിയത്.

നോട്ട് നിരോധിച്ച് കള്ളപ്പണം നാട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച നേതാവിന്റെ മൻ കി ബാത്തുകളിൽ മയങ്ങിപ്പോയില്ല കർഷകൻ.

ഉപതിരഞ്ഞെടുപ്പുകളും

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും

ഇന്ധനവിലയുടെ കാര്യം നോക്കൂ. ഓയിൽപൂൾ അക്കൗണ്ട് സംവിധാനം യു.പി.എ ഭരണകാലത്തുതന്നെ ഇല്ലാതായി. പിന്നീടെത്തിയ മോദി ഭരണത്തിൽ പെട്രോളിന് പുറമേ, ഡീസലിന്റെയും വിലനിർണയാവകാശം എണ്ണക്കമ്പനികൾക്ക് കൈമാറി. ക്രൂഡോയിൽ വില അന്താരാഷ്ട്രതലത്തിൽ കുറഞ്ഞിരിക്കുന്ന വേളയിൽ രാജ്യത്ത് അതിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതായിരുന്നു എങ്കിലും കുത്തകകൾക്ക് നഷ്ടമുണ്ടാകാതിരിക്കാനും സെൻട്രൽ വിസ്തയും കൂറ്റൻ പ്രതിമകളും പോലുള്ള ആഡംബരങ്ങൾ കുറയ്ക്കാതിരിക്കാനുമായി കിട്ടിയ പഴുതിലൂടെ സാധാരണക്കാരനെ ഞെരിച്ചമർത്തി വൻതോതിലാണ് നികുതിഭീകരത കേന്ദ്രസർക്കാർ അടിച്ചേല്പിച്ച് തുടങ്ങിയത്. ഫലമോ ഇന്ധനവില കുതിച്ചു കയറിക്കൊണ്ടിരിക്കുന്നു.

ചില സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും മറ്റും നടക്കുമ്പോൾ ആ ഒന്ന്, രണ്ട് മാസക്കാലം അനങ്ങാതിരിക്കും. പിന്നാലെ വീണ്ടും കൂട്ടും. ജനമെന്ന കഴുത ഇതൊന്നും മനസിലാക്കില്ലെന്നും ഗിമ്മിക്കുകളിൽ അഭിരമിച്ച് അവർ വോട്ട് ചെയ്തുകൊള്ളുമെന്നും കേന്ദ്ര ഭരണാധികാരികൾ ചിന്തിച്ചിടത്താണ് ദുരന്തം. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമധികം വിറ്റുപോകാവുന്ന വർഗീയപ്രീണനത്തെ അവർ ആവോളം ഉപയോഗിച്ചു. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പോയി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, രാമക്ഷേത്രത്തെപ്പറ്റി വാചാലനായ അതേ ദിവസമാണ്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ കണ്ണീരിനൊപ്പം നിലയുറപ്പിച്ചത്. അത് പ്രിയങ്കഗാന്ധിക്കുണ്ടായ ജനപ്രീതി ഉയർത്തിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്, ഇങ്ങനെയും പ്രശ്നമുണ്ടല്ലോയെന്ന് അവർ ചിന്തിച്ചത് പോലും. ഇസ്ലാമോഫോബിയ വളർത്തിയും തീവ്രഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിച്ചും കാലം കഴിക്കാമെന്നും ഏത് കൊള്ളയും ജനം സഹിച്ചുകൊള്ളുമെന്ന കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ മിഥ്യാധാരണ യു.പിയിൽ തകിടംമറിയുന്നോയെന്ന ആശങ്ക അഖിലേഷ് യാദവിനും പ്രിയങ്ക ഗാന്ധിക്കുമൊക്കെ കിട്ടുന്ന ജനപ്രീതിയുടെ ഫലമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്.

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം ഹിമാചൽ പ്രദേശിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. കർഷകസമരത്തിന്റെ സ്വാധീനം വലിയ അളവിൽ പ്രകടമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു ഹിമാചൽ. ലോക് സഭാ സീറ്റും മൂന്ന് നിയമസഭാസീറ്റുകളും ബി.ജെ.പിയെ കൈവിട്ടു. പശ്ചിമബംഗാളിൽ ഏറെ വിയർപ്പൊഴുക്കിയിട്ടും ബി.ജെ.പിക്ക് മമതയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവുന്നില്ല. മദ്ധ്യപ്രദേശിലാണ് ആശ്വാസം കണ്ടെത്താനായത്.

അടുത്തവർഷം ആദ്യത്തോടെ കർഷകവീര്യം ഏറെയുള്ള പഞ്ചാബിലും രാജ്യത്തിന്റെ ഹൃദയഭൂമിയായ യു.പിയിലുമുൾപ്പെടെ തിരഞ്ഞെടുപ്പാണ്. പഞ്ചാബിൽ അധികാരത്തിലിരുന്ന ബി.ജെ.പി- അകാലിദൾ സഖ്യം കടപുഴകിയത് 2017 ലാണ്. മൂന്ന് സീറ്റിലേക്ക് ബി.ജെ.പി ഒതുങ്ങി. ആം ആദ്മി അവിടെ രണ്ടാംശക്തിയായി ഉയർന്നു. കോൺഗ്രസിനകത്തെ അന്തച്ഛിദ്രങ്ങളിൽ കണ്ണുനട്ടിരിക്കുന്ന ബി.ജെ.പി, ക്യാപ്റ്റൻ അമരിന്ദർ സിംഗിന്റെ പിന്തുണയാൽ ഒരുകൈ നോക്കാമെന്ന കണക്കുകൂട്ടലിലാണ്. അവിടെ വിലങ്ങായി നില്‌ക്കുന്നത് കർഷകസമരമായിരുന്നു.

ഉപതിരഞ്ഞെടുപ്പുകളിൽ കൈപൊള്ളിയപ്പോൾ ആദ്യം ചെയ്തത് ഇന്ധനനികുതി അല്പം കുറയ്ക്കുകയായിരുന്നു. അതൊരു കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് പലരും തിരിച്ചറിയുന്നുണ്ട്. പിന്നാലെയിപ്പോൾ കാർഷികനിയമങ്ങൾ പിൻവലിച്ച് ബി.ജെ.പിക്ക് തടിയൂരേണ്ടി വന്നിരിക്കുന്നു. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതുകൊണ്ടുമാത്രം ബി.ജെ.പിക്ക് പ്രതീക്ഷയർപ്പിക്കാമോ? കാത്തിരുന്ന് കാണണം.

Advertisement
Advertisement