ഇരുണ്ട മനസിന് പച്ചപ്പിന്റെ തലോടൽ

Sunday 21 November 2021 1:17 AM IST
കണ്ണൂർ സെൻട്രൽ ജയിലിലെ വാച്ച് ടവർ

കാലുഷ്യത്തിന്റെ കാറും കോളും നിറഞ്ഞ തടവുകാരുടെ മനസിൽ നന്മയുടെയും ശാന്തിയുടെയും ഹരിതാഭ നിറയ്ക്കാൻ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ജയിലുകളിൽ ട്രീ മ്യൂസിയം പദ്ധതിക്ക് തുടക്കമിട്ടത് കേരളപ്പിറവി ദിനത്തിലായിരുന്നു. ഇതിന്റെ തുടക്കം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നായത് പ്രതീക്ഷയുടെ വെളിച്ചം വിതറുന്നു. ലഹരിമരുന്ന് ഉപയോഗവും കടത്തും കൊണ്ട് ദുഷ്പേരുകേട്ട കണ്ണൂർ ജയിലിൽ ഇതല്ലാതെ മറ്റെന്ത് പരീക്ഷണമാണ് നടത്തേണ്ടത്. താങ്ങാവുന്നതിലേറെ തടവുകാരെ കൊണ്ട് വീർപ്പുമുട്ടുന്ന കണ്ണൂർ ജയിലിൽ കുറ്റവാളികളെ തെളിഞ്ഞ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ട്രീ മ്യൂസിയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

മനസ് ശുദ്ധീകരിക്കുന്നതോടെ ഇവരിൽ പലരും മാതൃകാ തടവുകാരായി മാറുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ. കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമിയെ പോലുള്ളവർ വിരാജിക്കുന്ന ഇടമാണ് കണ്ണൂർ ജയിൽ. ട്രീ മ്യൂസിയം യാഥാർത്ഥ്യമാകുന്നതോടെ ഇവിടെ പുതിയൊരു പ്രഭാതം വിടരാതിരിക്കില്ല. ജയിലിൽ ചപ്പാത്തി നിർമ്മാണവും കോഴിക്കറി വില്‌പനയും പൊടിപൊടിക്കുന്നതിനിടയിൽ നെൽകൃഷിയുടെ വിളവെടുപ്പും യോഗാ, സംഗീത ക്ളാസും സജീവമാണ്. കണ്ണൂർ ജയിലിനെ ഇന്ത്യയിലെ മറ്റു ജയിലുകളിലൊന്നുമില്ലാത്ത അപൂർവഇനം ഔഷധസസ്യങ്ങളുടെയും അലങ്കാര സസ്യങ്ങളുടെയും കലവറയാക്കി മാറ്റാൻ അധികൃതർ ഒരുങ്ങിക്കഴിഞ്ഞു.

ഊദ് മുതൽ കോക്കം വരെ

ഇരുന്നൂറോളം അപൂർവസസ്യങ്ങളുടെ കലവറയായി മാറുന്ന ട്രീ മ്യൂസിയത്തിന്റെ കാവൽക്കാരും തടവുകാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ജയിലിൽ പെട്രോൾ പമ്പും ബ്യൂട്ടി പാർലറും തുടങ്ങി കുറച്ച് തടവുകാർക്ക് ജോലി ലഭിച്ച സാഹചര്യത്തിൽ ട്രീ മ്യൂസിയം മറ്റൊരു വരുമാനമാർഗമാകും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജയിൽ വകുപ്പാണ് വിപുലമായ ട്രീ മ്യൂസിയം ഒരുക്കുന്നത്. ശലഭോദ്യാനം, കോക്കം തോട്ടം, ഊദ് തോട്ടം തുടങ്ങി നട്ടാൽ മുളയ്ക്കുന്ന എല്ലാ സസ്യജാലങ്ങളും വച്ചുപിടിപ്പിക്കാൻ തന്നെയാണ് ജയിൽ വകുപ്പിന്റെ നീക്കം. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണ് ട്രീ മ്യൂസിയം ഒരുക്കുന്നത്.

ഏതൊക്ക വൃക്ഷങ്ങൾ?

കർപ്പൂരം , ഏക നായകം , കരിങ്ങാലി ,പലകപ്പയ്യാനി , വയന ,ചമത , രുദ്രാക്ഷം,അമ്പഴം ,വന്നി , വേപ്പ് ,അർബുദ നാശിനി, തിരുവട്ടക്കായ് , പാചോറ്റി തുടങ്ങിയവയാണ് പ്രധാന വൃക്ഷങ്ങൾ. കൊങ്കൺ മേഖലയിൽ മാത്രം കണ്ടുവരുന്ന കോക്കം മരങ്ങളുടെ തോട്ടവും ട്രീ മ്യൂസിയത്തിന്റെ ഭാഗമായി നട്ടുവളർത്തുന്നുണ്ട്. ഫലവർഗങ്ങളിൽ ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണ് കോക്കം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സിൽപെട്ടതും മലബാർ മേഖലയിലെ മണ്ണിനും ചൂടുള്ള കാലാവസ്ഥയ്ക്കും വളരെ അനുയോജ്യമായതുമായ സുഗന്ധവൃക്ഷ വിളയാണിതെന്നാണ് വിദഗ്ധർ പറയുന്നത്.

കടുത്ത വേനലിൽ ദേഹത്തിന്റെ താപനില കുറയ്ക്കാൻ ഉത്തരേന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ജ്യൂസാണ് കോകം ജ്യൂസ്. ഊദിന്റെ സമൃദ്ധിയും സുഗന്ധദ്രവ്യ നിർമിതിക്ക് ഉതകുന്ന ഊദ് മരത്തോട്ടവും (അകിൽ ) ട്രീ മ്യൂസിയത്തിൽ തയ്യാറാക്കും. ഗുരുതരമായ വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ പട്ടികയിലാണ് ഊദ് ഉൾപ്പെട്ടിട്ടുള്ളത്.

ആയുർവേദത്തിലെ ഒരു ഔഷധ സസ്യമാണ്‌ ഊദ് അഥവാ അകിൽ . ഭൂട്ടാനിലും ഇന്ത്യയിൽ ഹിമാലയ പ്രദേശങ്ങളിലും ആസാമിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിലും കാണപ്പെടുന്നു. വർഷം മുഴുവൻ പൂക്കൾ ഉണ്ടാവുകയും കായ്ക്കുകയും ചെയ്യുന്ന ഇതിന്റെ കാതലിന്‌ ചെറിയ തോതിൽ തേനിന്റേയും ചന്ദനത്തിന്റേയും സുഗന്ധമായിരിക്കും. അകിൽ സുഗന്ധവർഗത്തിൽപ്പെട്ട ദ്രവ്യമായിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.

തുമ്പികളെ ഒരു കഥ പറയാം

ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ആകർഷിക്കുന്ന പരിസ്ഥിതി ഉണ്ടാക്കലാണ് ജയിലിലെ ശലഭോദ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. മുട്ടയിടാൻ ശലഭങ്ങളെ ക്ഷണിക്കലും കൂടിയാണ്. വലിയ ശലഭങ്ങൾ ചെടികളുടെ ഇലകൾ ഭക്ഷിക്കാറില്ല. അവ മിക്കപ്പോഴും തേൻ ഉണ്ണുകയാണ് ചെയ്യുന്നത്. ലാർവകളുടെ ഭക്ഷണ സസ്യത്തെ വളർത്തിയാണ് ശലഭോദ്യാനം ഉണ്ടാക്കുക. കറിവേപ്പും കിലുക്കി ചെടിയും നാരകവുമൊക്കെ നട്ടുപിടിപ്പിച്ച് പൂമ്പാറ്റകൾക്ക് ജീവിക്കാനും മുട്ടയിട്ട് പുതുതലമുറയെ സൃഷ്ടിക്കാനും ഉതകുന്ന ജീവിത പരിസരം ഉണ്ടാക്കിയെടുക്കും. ചിത്രശലഭങ്ങളെ ആകർഷിക്കാനായി ശലഭോദ്യാനത്തിൽ അരിപ്പൂച്ചെടി നട്ടുപിടിപ്പിക്കും. തോട്ടത്തിലെത്തുന്ന പൂമ്പാറ്റകൾക്ക് മുട്ടയിടുന്നതിനും പുഴു ദശയിലും തുടർന്ന് പൂമ്പാറ്റയായും ജീവിക്കാനുള്ള ഭക്ഷ്യസസ്യങ്ങൾ തോട്ടത്തിൽ ലഭ്യമാക്കാനുമാണ് ലക്ഷ്യം ' ആദ്യ ഘട്ടത്തിൽ നടുന്നവ ഹനുമാൻ കിരീടം, ചെമ്പരത്തി, കിലുക്കിച്ചെടി, വെള്ളില, പാണൽ , നാരകം, കൂവളം, കറുവ, കറിവേപ്പ്, മുള്ളിലം. കാട്ടുനാരകം, ആറ്റു തകര, നീർമാതളം, കാശാവ്. കൂടാതെ ശലഭങ്ങളെ ആകർഷിക്കാൻ വിവിധ നിറങ്ങളിലുള്ള പൂച്ചെടികളും മ്യൂസിയത്തിൽ നടും.