'ഹലാൽ മതപരമായ ആചാരമല്ല, കുറേ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ളാമി തീവ്രവാദികളുടെ അജണ്ട'; വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ്

Sunday 21 November 2021 3:03 PM IST

തിരുവനന്തപുരം: പൊതുഇടങ്ങളിലെ ഹലാൽ ബോർഡുകൾ മുത്തലാഖ് നിരോധിക്കും പോലെ നിരോധിക്കണമെന്ന് ബിജെപി നേതാവ് പി.സുധീർ. എവിടെങ്കിലും സമീപകാലത്ത് ഹലാൽ ബോർഡുകൾ കണ്ടിട്ടുണ്ടോ? പൊടുന്നനെയാണ് എല്ലാ പ്രധാന സ്ഥലങ്ങളിലും ഹലാൽ ബോർഡുകൾ കാണാൻ കഴിഞ്ഞത്. ഇതിന് കാരണം തീവ്രവാദികൾ മതത്തെ കൂട്ടുപിടിക്കുന്നതാണ്. മത പണ്ഡിതന്മാർ ഇത് തിരുത്താൻ തയ്യാറാകണമെന്നും പി.സുധീർ ആവശ്യപ്പെട്ടു.

ഹലാലിന്റെ പേരിലുള‌ള വർഗീയ അജണ്ട നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായി പി.സുധീർ അഭിപ്രായപ്പെട്ടു. 'ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്ളാമിക പണ്ഡിതരും ഇത് അനുകൂലിക്കുമെന്ന് തോന്നുന്നില്ല. മതത്തിന്റെ മുഖാവരണം നൽകി കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട തീവ്രവാദസംഘടനകൾ നടപ്പാക്കാൻ ശ്രമിക്കുന്നു.' പി.സുധീർ പറഞ്ഞു. കുറേ എസ്‌ഡിപിഐ തീവ്രവാദികളുടെയും കുറേ ജമാഅത്തെ ഇസ്ളാമി തീവ്രവാദികളുടെയും അജണ്ടയാണിത്. അദ്ദേഹം അഭിപ്രായപ്പെട്ടു.

തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്‌ട്രീയ സാഹചര്യം കേരളത്തിലുണ്ടെന്ന് പറഞ്ഞ പി.സുധീർ പാലക്കാട്ട് സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം അട്ടിമറിക്കുകയാണ് സർക്കാരെന്നും പോപ്പുലർഫ്രണ്ട് ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നെന്നും ആരോപിച്ചു.

എന്നാൽ വിവാദത്തിൽ പാർട്ടി അഭിപ്രായത്തോട് വിപരീതമായി പ്രതികരിച്ച സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും പറഞ്ഞു. പാർട്ടി ഭാരവാഹികൾ വ്യക്തിപരമായ നിലപാട് സ്വീകരിക്കുമ്പോൾ അത് പാർട്ടി നിലപാടുമായി ചേർന്നുപോകുന്നതാകണം.അല്ലാത്തപക്ഷം അത് പാർട്ടി പരിശോധിക്കും.

ഹിന്ദുവും മുസൽമാനും ക്രിസ്‌ത്യാനിയും പരസ്‌പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്നായിരുന്നു വിവാദത്തിൽ സന്ദീപ് വാര്യർ പറഞ്ഞത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിഷയത്തിലെ നിലപാടിന് ഘടകവിരുദ്ധമായിരുന്നു സന്ദീപിന്റെ നിലപാട്. പാർട്ടി വക്താക്കൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി അഭിപ്രായപ്രകടനം നടത്തരുതെന്ന് ഈ മാസം രണ്ടിന് ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പാർട്ടി പ്രസിഡന്റ് കെ.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് ലംഘിച്ച് സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്‌റ്റിട്ടത്.

Advertisement
Advertisement