നിർമ്മാണത്തിൽ നാല് ടെർമിനലുകൾ: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ പൂർത്തിയാവും

Sunday 21 November 2021 9:48 PM IST
കോട്ടപ്പുറം ഹൗസ് ബോട്ട ടെർമിനൽ

നീലേശ്വരം : ആലപ്പുഴയും കുമരകവും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്ന നീലേശ്വരം കോട്ടപ്പുറത്ത് ആധൂനിക സൗകര്യങ്ങളോടെയുള്ള ടെർമിനൽ നിർമ്മാണം ദ്രുതഗതിയിൽ. അടുത്ത ഫെബ്രുവരിയോടെ പൂർത്തിയാകുന്ന തരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

26 ബോട്ടുകളാണ് കോട്ടപ്പുറം മുതൽ കവ്വായി കായൽവരെ സഞ്ചാരികളുമായി ചുറ്റുന്നത്. അടിസ്ഥാനസൗകര്യം വർദ്ധിപ്പിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ഹൗസ് ബോട്ടുകളുടെ പാർക്കിംഗ് സൗകര്യത്തിനായി 8 കോടി രൂപ ചെലവിലാണ് ടെർമിനലുകളുടെ നിർമ്മാണം. നാല് ബോട്ടുകൾക്ക് ഒരേ സമയം നിർത്തി സഞ്ചാരികളെ കയറ്റാനും ഇറക്കാനും സൗകര്യമുള്ള 132 മീറ്റർ നീളത്തിലുള്ള നാല് ടെർമിനലുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഡിസംബറിൽ പൂർത്തിയാകേണ്ട പ്രവൃത്തി കൊവിഡും പ്രതികൂല കാലാവസ്ഥയും മൂലമാണ് വൈകിയത്.ഫെബ്രുവരിയിൽ ടെർമിനൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രവൃത്തി ഏറ്റെടുത്ത കാസർകോട്ടെ എം.എസ്. ബിൽഡേഴ്സ് പ്രതിനിധികൾ അറിയിച്ചിരിക്കുന്നത്.

തുറന്നുകിടക്കുന്നു വൻസാദ്ധ്യതകൾ

ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ ഹോട്ടൽ വ്യവസായം, പ്രദർശന സ്റ്റാളുകൾ എന്നിവയടക്കം അനുബന്ധ വലിയ സാദ്ധ്യതകൾ വന്നു ചേരും. തൊട്ടടുത്തുള്ള പ്രകൃതിരമണീയമായ പുറത്തേക്കെയിലേക്ക് ഒരു തൂക്കുപാലം നിർമ്മിച്ച് ഈ പ്രദേശം കൂടുതൽ സൗന്ദര്യവത്ക്കരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാൻ നീലേശ്വരം നഗരസഭ പദ്ധതിയിട്ടിരുന്നു. .കോട്ടപ്പുറം-അച്ചാംതുരുത്തി പാലം തുറന്നതിന് പിന്നാലെ നാട്ടുകാരുടെ സഹകരണത്തോടെ പലകയും കോൺക്രീറ്റ് തൂണുകളും ഉപയോഗിച്ച് ടെർമിനലിന് തൊട്ടടുത്ത് നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം കഴിഞ്ഞ മഴക്കാലത്ത് ഭാഗികമായി തകർന്നിരുന്നു.

Advertisement
Advertisement