കർഷകവിജയം പങ്കാളിത്ത മുതലാളിത്ത ദാസ്യത്തിനേറ്റ കനത്ത പ്രഹരം: സി.എന്‍ ജയദേവന്‍

Sunday 21 November 2021 10:00 PM IST

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്ത മുതലാളിത്ത ദാസ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഇന്ത്യയിലെ കർഷകരുടെ ഒരു വർഷം നീണ്ട സമരവിജയമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ അഭിപ്രായപ്പെട്ടു. സി.പി.ഐ ജനപ്രതിനിധി പഠന ക്യാമ്പ് തൃശൂർ കെ.കെ വാര്യർ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർ നടത്തുന്നത് അവരുടെ നിലനിൽപ്പിനായുള്ള അന്തിമപോരാട്ടമാണ്. കുത്തക മുതലാളിത്തത്തിനും പങ്കാളിത്ത മുതലാളിത്തത്തിനും എതിരെയുള്ള പോരാട്ടങ്ങൾക്ക് ഈ വിജയം കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ക്യാംപ് ലീഡറായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, അസി. സെക്രട്ടറി അഡ്വ. ടി.ആർ രമേഷ് കുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, കെ. ശ്രീകുമാർ, എം. ആർ സോമനാരായണൻ തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ കെ. ജി ശിവാനന്ദൻ, വി.എസ് പ്രിൻസ്, മസൂദ് കെ. വിനോദ്, ദീപ എസ്. നായർ തുടങ്ങിയവർ ക്ലാസ് നയിച്ചു. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, മണലൂർ, നാട്ടിക, ചേർപ്പ്, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ പങ്കെടുത്തു