പ്രധാനമന്ത്രിക്ക് കത്തയച്ചു ; കർഷകരുമായി കേന്ദ്രം ചർച്ചയ്‌ക്ക്, ഇന്ന് ലക്‌നൗവിൽ മഹാപഞ്ചായത്ത്, സമരം തുടരും

Monday 22 November 2021 12:08 AM IST


27ന് വീണ്ടും യോഗം

 രക്തസാക്ഷികൾക്ക് മൂന്നു ലക്ഷം പ്രഖ്യാപിച്ച് തെലങ്കാന

ന്യൂഡൽഹി:വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികളിലേക്കു നീങ്ങിയ കേന്ദ്രസർക്കാർ കർഷകരുടെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് സംയുക്ത കിസാൻ മോർച്ചയുമായി ചർച്ചയ്ക്ക് സന്നദ്ധമായേക്കും.

ഇന്നലെ സിംഘുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി യോഗം മറ്റ് ആവശ്യങ്ങൾ നേടാൻ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇതോടൊപ്പം പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു. കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്ന് കർഷക നേതാക്കളാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. സർക്കാരിന്റെ നടപടികൾ നിരീക്ഷിച്ചശേഷം 27ന് ഭാവിപരിപാടികൾ തീരുമാനിക്കും.

അതിനിടെ സമരത്തിൽ രക്തസാക്ഷികളായ 750 കർഷകർക്ക് മൂന്ന് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു. കേന്ദ്രം 25 ലക്ഷം വീതം നൽകണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ വിശദാംശങ്ങളും ചർച്ച ചെയ്യും. 29നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്നത്. അന്നുവരെ പ്രക്ഷോഭം തുടരാനാണ് മോർച്ചയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി ലക്‌നൗവിൽ ഇന്ന് നടക്കുന്ന കിസാൻ മഹാപഞ്ചായത്ത് കർഷകരുടെ ശക്തിപ്രകടനമാകും. കർഷക മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പങ്കെടുക്കും. നിയമങ്ങൾ റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം കർഷക സംഘടനകളുടെ ആദ്യത്തെ പൊതു സമ്മേളനമാണിത്.സമരം തുടരുന്നതിൽ ഭിന്നാഭിപ്രായമുണ്ടായിരുന്ന പഞ്ചാബിലെ 32 കർഷക സംഘടനകളുടെ പ്രതിനിധികളും സിംഘുവിലെ യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രിക്കുള്ള കത്തിൽ,​ മിനിമം താങ്ങുവിലയ്‌ക്ക് നിയമസാധുത നൽകാൻ രൂപം നൽകുന്ന കമ്മിറ്റിയെ പറ്റി വിശദീകരണം ആവശ്യപ്പെടുമെന്ന് കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് രാജേവാൾ സിംഘുവിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കമ്മിറ്റിയുടെ കർത്തവ്യങ്ങളോ അവകാശങ്ങളോ കാലാവധിയോ വ്യക്തമാക്കിയിരുന്നില്ല.

പ്രക്ഷോഭ പരിപാടികൾ

ഉത്തരേന്ത്യയിലെ കർഷകരുടെ സമ്മേളനം 26ന് ഡൽഹി അതിർത്തികളിൽ

ടോൾ പ്ലാസ ഉപരോധം തുടരും

പാർലമെന്റ് സമ്മേളിക്കുന്ന 29ന് പാർലമെന്റിലേക്ക് 500 കർഷകരുടെ ട്രാക്ടർ റാലി

പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ സമരം തുടരും.

കത്തിൽ പ്രധാനമന്ത്രിയോട്

മിനിമം താങ്ങുവില നിശ്ചയിക്കാൻ കമ്മിറ്റി വേണം

കർഷകർക്കെതിരായ കേസുകളും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കണം

സമരകാലത്ത് മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം

കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അജയ് മിശ്രയെ പുറത്താക്കണം

''കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനവും കർഷക സംഘടനകളുമായി നടത്താമെന്ന് ഉറപ്പ് നൽകിയ ചർച്ചകളിലെ സർക്കാരിന്റെ നിലപാടും പ്രധാനമന്ത്രിക്ക് അയച്ച കത്തിനോടുള്ള പ്രതികരണവും വിലയിരുത്തി 27ന് സംയുക്ത കിസാൻ മോർച്ച യോഗം തുടർസമരങ്ങളിൽ തീരുമാനമെടുക്കും.''

കെ.വി.ബിജു

നാഷണൽ കോ-ഓർഡിനേറ്റർ

രാഷ്ട്രീയ കിസാൻ മഹാ സംഘം

24ന് കിസാൻ മസ്ദൂർ സംഘർഷദിനം

ന്യൂഡൽഹി: കർഷക സമരത്തിന്റെ ചരിത്ര വിജയത്തിന് കർഷകരെയും തൊഴിലാളികളെയും അഭിനന്ദിച്ച സംയുക്ത കിസാൻ മോർച്ച സർ ഛോട്ടാ റാമിന്റെ ജന്മവാർഷിക ദിനമായ 24ന് കിസാൻ മസ്ദൂർ സംഘർഷ് ദിനമായി ആചരിക്കുമെന്ന് അറിയിച്ചു. 26ന് ദില്ലി ബോർഡർ ചലോയും 29ന് നടക്കുന്ന സൻസദ് ചലോയും (പാർലമെന്റ് മാർച്ച്) വിജയിപ്പിക്കണം.

Advertisement
Advertisement