സ്‌കോഡ സ്ളാവിയ: കിംഗ് ഒഫ് സെഡാൻസ്

Monday 22 November 2021 2:22 AM IST

കൊച്ചി: സൂപ്പർ സ്ളാവിയ! കണ്ടാൽ ആരും അതുപറയും! അത്രയ്ക്കുണ്ട് അഴക്. കൊത്തിയെടുത്ത ശില്പം പോലെയുള്ള പുറംമോടി. വിശാലവും ഫീച്ചറുകളാൽ സമ്പന്നവുമായ അകത്തളം. കിടിലൻ സുരക്ഷാ സൗകര്യങ്ങൾ. സ്‌കോ‌ഡയുടെ പുത്തൻ മോഡലായ സ്ളാവിയയുടെ വിശേഷങ്ങൾ പറഞ്ഞാൽ ഇനിയും നീളും.

എസ്.യു.വികൾ കളംവാഴുന്ന ഇന്ത്യയിൽ ഒരു പുത്തൻ സെഡാൻ അവതരിപ്പിക്കുമ്പോൾ സ്‌കോഡയുടെയുള്ളിലെ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. കാരണം, എതിരാളികളുടെ ഉള്ളിൽ കിടിലംകൊള്ളിക്കുന്ന ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് സ്ളാവിയയുടെ ആവനാഴി. ഇന്ത്യയ്ക്കായി സ്‌കോഡയും മാതൃബ്രാൻഡായ ഫോക്‌സ്‌വാഗനും ചേർന്ന് തയ്യാറാക്കിയ 'ഇന്ത്യ 2.0" പദ്ധതിയുടെ കീഴിലെ എം.ക്യു.ബി-എ0-ഇൻ പ്ളാറ്റ്‌ഫോമിൽ ഇന്ത്യയിലാണ് ഈ പ്രീമിയം മിഡ്-സൈസ് സെഡാന്റെ നിർമ്മാണം.

പൂർണമായും ഇന്ത്യൻ ഉപഭോക്താവിന്റെ മനസറി‌ഞ്ഞ്, 95 ശതമാനം ഇന്ത്യൻ നിർമ്മാണഘടകങ്ങൾ ഉപയോഗിച്ചാണ് സ്ളാവിയയെ സ്‌കോഡ ഒരുക്കിയിട്ടുള്ളത്. ഇന്ത്യ 2.0ൽ സ്‌കോഡ ഇന്ത്യയിലിറക്കിയ ആദ്യ മോഡൽ കോംപാക്‌റ്റ് എസ്.യു.വിയായ കുഷാക്ക് ആണ്. വിപണിയിൽ കുശാലായി കുഷാക്കിന് സ്വീകാര്യത കിട്ടിയതിന്റെ ഊർ‌ജവും സ്‌കോഡയ്ക്കുണ്ട്. കുഷാക്കിന്റെ സെഡാൻ വകഭേദമെന്നും സ്ളാവിയയുടെ പുതിയ അവതാരത്തെ വിളിക്കാം.

 രൂപകല്‌പന

സ്ഡകോഡയുടെ സിഗ്നേചറായ 'ബട്ടർഫ്ളൈ" ഗ്രില്ലാണ് മുൻഭാഗത്തെ പ്രധാന ആകർഷണം. ഇതിന് തൊട്ടുമുകളിൽ സ്‌കോഡ ലോഗോ. പൗരുഷം നിറഞ്ഞ വലിയ ബോണറ്റ്. ഗ്രില്ലിന് വശങ്ങളിലായി ഒതുക്കത്തിൽ എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ. ഇതോടൊപ്പം എൽ-ആകൃതിയിൽ ഡേടൈം റണ്ണിംഗ് ലൈറ്റും താഴെ ഫോഗ്‌ലാമ്പും.

റൂഫ്‌ലൈനുകൾ പിന്നിൽ ബൂട്ടുവരെ നീളുന്നു. ടെയ്‌ൽലാമ്പുവരെ നീളുന്ന കരുത്തുറ്റ കാരക്‌ടർ ലൈനുകൾ സ്ളാവിയയ്ക്ക് ഉശിരൻ ലുക്കും സമ്മാനിക്കുന്നു. 16-ഇഞ്ച് ഡ്യുവൽടോൺ അലോയ് വീലുകളും വിൻഡോയിലെ ക്രോംഅതിരുകളും വശങ്ങളിലെ അഴുകുകളാണ്. സി-ആകൃതിയിലെ എൽ.ഇ.ഡി ടെയ്‌ൽലാമ്പാണ് പിന്നിൽ. മദ്ധ്യഭാഗത്തായുള്ള ബോൾഡ് സ്‌കോഡ ലോഗോയും താഴെ ക്രോം സ്‌ട്രിപ്പോട് കൂടിയ ബമ്പറും ഭംഗിയാണ്.

 അകത്തളം

മുൻ മോഡലായ ഒക്‌ടാവിയയെ ഓർമ്മിപ്പിക്കുന്നതാണ് സ്ളാവിയയുടെ അകത്തളം. ഗിയറുൾപ്പെടെ ചില ഭാഗങ്ങൾ കുഷാക്കിൽ നിന്ന് കടംവാങ്ങിയതുമാണ്. ക്രമീകരിക്കാവുന്ന 2-സ്‌പോക്ക് സ്‌റ്റിയറിംഗ് വീൽ, ടച്ച്-ബേസ്ഡ് ക്ളൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുൾപ്പെടും.

10-ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് സംവിധാനം മികവാണ്. ഇതിൽ സ്മാർട്ട്ഫോൺ കണക്‌ട് ചെയ്യാം. ഇതിന് താഴെ എ.സി വെന്റുകൾ. വശങ്ങളിൽ വട്ടത്തിലും എ.സി. വെന്റുകളുണ്ട്. ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്ററും ആകർഷകം. സിഗ്നേചർ സ്‌കോഡ സൗണ്ട് സിസ്‌റ്റം, സൺറൂഫ്, ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 521 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്.

 സുരക്ഷ

ആക്‌ടീവ്, അംബീഷൻ, സ്‌റ്റൈൽ എന്നീ വകഭേദങ്ങളാണ് സ്ളാവിയയ്ക്കുള്ളത്. ആറ് എയർബാഗുകൾ, റിയർപാർക്കിംഗ് കാമറ, ചൈൽഡ് സീറ്റ്, ഹിൽ ഹോൾഡ് കൺട്രോൾ,ക്രൂസ് കൺട്രോൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ സിസ്‌റ്റം (ഇ.ഡി.എസ്), മൾട്ടി കൊളീഷൻ ബ്രേക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്. അഞ്ച് മുതിർന്നവർക്ക് സുഖയാത്ര ചെയ്യാനാകുംവിധം വിശാലമാണ് അകത്തളം.

 വലിയ സ്ളാവിയ

ശ്രേണിയിലെ ഏറ്റവും വീതിയേറിയ മോഡലെന്ന പെരുമ സ്ളാവിയയ്ക്ക് സ്വന്തം. 4.5 മീറ്ററാണ് നീളം, വീതി 1.7 മീറ്റർ. 2.6 മീറ്റർ വീൽബേസ് അകത്തളം വിശാലമാക്കുന്നു. വീൽബേസിലും സ്ളാവിയയ്ക്കാണ് ശ്രേണിയിൽ ഒന്നാംസ്ഥാനം. കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, കാർബൺ സ്‌റ്റീൽ, റിഫ്ളക്‌സ് സിൽവർ, ക്രിസ്‌റ്റൽ ബ്ളൂ നിറങ്ങളിൽ പുത്തൻ സ്ളാവിയ ലഭിക്കും.

₹11,000

പുത്തൻ സ്ളാവിയയുടെ വില്പനയ്ക്ക് ഇന്ത്യയിൽ 2022 ജനുവരി-മാർ‌ച്ചുപാദത്തിലാണ് തുടക്കമാവുക. ബുക്കിംഗ് തുടങ്ങി. 11,000 രൂപനൽകി പ്രീ-ബുക്കിംഗ് നടത്താം.

 ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സിയസ് എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ

 ഇന്ത്യ 2.0 പദ്ധതിയിൽ നാല് മോഡലുകളാണ് സ്‌കോഡയും ഫോക്‌സ്‌വാഗനും ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.

 ഇതിൽ ഒന്നാമത്തെ മോഡലാണ് കുഷാക്ക് എസ്.യു.വി; സ്ളാവിയ രണ്ടാമത്തെയും.

എൻജിൻ

രണ്ട് പെട്രോൾ മോഡലുകളാണ് സ്ളാവിയ്ക്കുള്ളത്. 3-സിലിണ്ടർ 1.0 ലിറ്ററും 4-സിലിണ്ടർ 1.5 ലിറ്ററും. 115 പി.എസ്., 150 പി.എസ് എന്നിങ്ങനെയാണ് യഥാക്രമം കരുത്ത്. മാനുവലായി 6-സ്‌പീഡ് സ്‌റ്റാൻഡേർഡ് ഗിയർ ബോക്‌സുണ്ട്. 6-സ്‌പീഡ് ഓട്ടോമാറ്റിക്, 7-സ്‌പീഡ് ഡി.എസ്.ജി ഓപ്‌ഷനുകളുമുണ്ട്.

5%

ഇന്ത്യയിൽ 2025ഓടെ അഞ്ചു ശതമാനം വിപണിവിഹിതം നേടുകയാണ് പുത്തൻ മോഡലുകളിലൂടെ സ്‌കോഡ ഉന്നമിടുന്നത്.