'ഇപ്പൊ ശരിയാക്കാം" എന്ന വാക്ക് പാഴ്‌വാക്കോ

Monday 22 November 2021 1:24 AM IST

 നഗരത്തിലെ തകർന്ന റോഡുകൾ എന്ന് ശരിയാക്കും

തിരുവനന്തപുരം: നഗരത്തിലെ പ്രധാന റോഡുകളിലെ കുണ്ടുംകുഴിയും താണ്ടി ജനങ്ങൾ സാഹസിക യാത്ര നടത്താൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇതിനിതുവരെ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. കാലവർഷവും തുലാവർഷവും പെയ്തിറങ്ങിയതോടെ മിക്കറോഡുകളും തോടിന് സമമായി. അപകടകരമാം വിധമാണ് റോഡുകളിൽ കുഴികൾ നിറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഗവർണറും ഉൾപ്പെടെ എല്ലാവകുപ്പിന്റെയും തലവന്മാരും സഞ്ചരിക്കുന്ന നഗരവീഥിയിലെ റോഡുകളുടെ ശോച്യാവസ്ഥ ഇവർ കാണുന്നില്ലെയെന്ന് പൊതുജനം ചോദ്യമുയർത്തുന്നുണ്ട്. വിഴിഞ്ഞത്തേക്കും കോവളത്തേക്കുമുള്ള പ്രധാന റോഡായ മണക്കാട് - കല്ലാട്ട്മുക്ക് റോഡ് തകർന്നിട്ട് മാസങ്ങളായെങ്കിലം അധികൃതർ ഗൗനിച്ചിരുന്നില്ല. വെള്ളക്കെട്ടും കുണ്ടുംകുഴിയും അപകടവും വർദ്ധിച്ചപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി. ശിവൻകുട്ടി റോഡ് ശരിയാക്കാൻ അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രി ശിവൻകുട്ടിയുടെ മണ്ഡലത്തിലുള്ള കൈമനം - കരുമം റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ്. പൈപ്പിടാൻ വേണ്ടി കുഴിയെടുത്തതോടെ റോഡാകെ കുളമായി മാറി. ഇവിടെയും സാങ്കേതിക തടസങ്ങൾ കാരണം പണി തുടങ്ങിയിട്ടില്ല. നഗരാതിർത്തിയിലേക്ക് വേഗത്തിൽ പ്രവേശിക്കാവുന്ന റോഡായ തിരുമല - തൃക്കണ്ണാപുരം റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർക്ക് അനക്കമില്ല. ദേശീയപാതയിൽ നിന്ന് വാഹനങ്ങൾ വെള്ളായണിവഴി നഗരത്തിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. പേരൂർക്കട - കുടപ്പനക്കുന്ന് റോഡിന്റെയും പാപ്പനംകോട് - മലയൻകീഴ് റോഡിന്റെയും അവസ്ഥയും സമാനമാണ്. കടലേറ്റത്തിൽ തകർന്ന ശംഖുംമുഖം വിമാനത്താവളം റോഡും യാത്രാ യോഗ്യമല്ലാതായിട്ട് മാസങ്ങളായി. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലേക്ക് എത്താൻ യാത്രക്കാർ മറ്റ് വഴികൾ തേടേണ്ട ഗതികേടിലാണ്. ഇവയിൽ മിക്ക റോഡുകളും പ്രധാന ബസ് റൂട്ടുകളും വാഹന സാന്ദ്രതയേറിയതുമാണ്. നഗരസഭ,​ പി.ഡബ്ല്യു.ഡി, ​റോഡ്ഫണ്ട് ബോർഡ് എന്നിവരുടെ കീഴിലുള്ള റോഡുകളാണ് നഗരത്തിലുള്ളത്.

 റോഡുകളെ അവസ്ഥയെപ്പറ്റി ചർച്ച ചെയ്യാൻ പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉടൻ യോഗം വിളിക്കും. വാട്ടർ അതോറിട്ടി, പി.ഡബ്ല്യു.ഡി, കെ.ആർ.എഫ്.ബി,​ നഗരസഭാ മരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംയുക്തമായ യോഗമായിരിക്കും. യോഗത്തിൽ കൂടുതൽ തീരുമാനമെടുക്കും.

മേയർ ആര്യാ രാജേന്ദ്രൻ

 ടോൾ പിരിക്കുന്ന ദേശീയപാതയുടെ റോഡ് ഉൾപ്പെടെ പ്രധാനപ്പെട്ട റോഡുകളെല്ലാം കുണ്ടുംകുഴിയുമാണ്. മഴക്കെടുതിയിൽ തകർന്ന റോഡുകൾ അടിയന്തരമായി ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭ സർക്കാരിനോട് ആവശ്യപ്പെടണം.

പി. പത്മകുമാർ,​ യു.ഡി.എഫ് കൗൺസിലർ

 നഗരത്തിലെ പ്രധാന റോഡുകളുടെ അവസ്ഥ ദയനീയമാണ്. റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ല. ഭരണസമിതിയുടെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

തിരുമല അനിൽ ബി.ജെ.പി കൗൺസിലർ

ശോച്യാവസ്ഥയിലായ

നഗരത്തിലെ പ്രധാന റോഡുകൾ

 മണക്കാട് - കല്ലാട്ട്മുക്ക് റോഡ്

 കരുമം - കൈമനം റോഡ്

 പാപ്പനംകോട് - മലയിൻകീഴ് റോഡ്

 തിരുമല - തൃക്കണ്ണാപുരം റോഡ്

 പേരൂർക്കട - പൈപ്പിൻമൂട് റോഡ്

 കുടപ്പനക്കുന്ന് - പേരൂർക്കട റോഡ്

 ശംഖുംമുഖം - വിമാനത്താവളം റോഡ്

 അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ്

 പേട്ട - കൈതമുക്ക് റോഡ്

 പൂജപ്പുര - തിരുമല റോഡ്

 തകരപ്പറമ്പ് - ശ്രീകണ്ഠേശ്വരം റോഡ്

Advertisement
Advertisement