വില കുതിക്കുന്നു; മലഞ്ചരക്ക് വിപണിയിൽ പുത്തനുണർവ്

Monday 22 November 2021 1:26 AM IST

 കർഷകർക്കും തൊഴിലാളികൾക്കും ആശ്വാസം

നെടുമങ്ങാട്: കുരുമുളകിനും റബറിനും വിലയേറിയതോടെ മലഞ്ചരക്ക് ഉത്പന്നങ്ങൾക്ക് പേരുകേട്ട നെടുമങ്ങാട്ട് വിപണികൾ ഉണർന്നു. ലോക്ക്ഡൗണിനുശേഷം കുരുമുളകിനും റബറിനും വില കുതിക്കുന്നത് ഇതാദ്യമാണ്. പത്ത് ദിവസത്തിനിടയിൽ കുരുമുളകിന് 40 രൂപയുടെയും റബറിന് എട്ട് രൂപയുടെയും വർദ്ധനയുണ്ടായി. 430 രൂപ ലഭിച്ചിരുന്ന കുരുമുളകിന് 470 രൂപയും,​ 167 രൂപ വിലയുണ്ടായിരുന്ന റബറിന് 172 രൂപയാണ് ഇപ്പോഴത്തെ വിപണി വില. മാസങ്ങളായി 460 രൂപയിൽ നിലച്ചുപോയ ജാതിപ്പരിപ്പിന് 500 രൂപയും ജാതിപത്രിക്ക് 1000 രൂപയിൽ നിന്ന് 1,100 രൂപയും വില ലഭിക്കുന്നുണ്ട്. 105 രൂപയിൽ ഒതുങ്ങിപ്പോയ പച്ചക്കുരുമുളകിന് 118 രൂപയാണ് ഒടുവിലത്തെ വില. മലഞ്ചരക്ക് ഉത്പന്നങ്ങൾക്ക് വില ഇനിയും ഉയരുമെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഹോട്ടലുകൾ പ്രവർത്തനക്ഷമമായതും അടഞ്ഞുകിടന്ന മസാല കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയതുമാണ് കുരുമുളകിനെയും ജാതിക്കായെയും തുണച്ചത്. റബർ ഉത്പന്ന കമ്പനികൾ സജീവമായത് റബർ മേഖലയ്ക്കും കൈത്താങ്ങായി. നല്ല വില കിട്ടിത്തുടങ്ങിയതോടെ ശേഖരിച്ച കുരുമുളകും റബർ ഷീറ്റും വിൽക്കാതെ സൂക്ഷിക്കുന്ന കർഷകർ പെരുകുകയാണ്. വില ഇനിയും ഉയരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഈ കരുതൽ. ടാപ്പിംഗ് തൊഴിലാളികൾ അടക്കമുള്ളവർക്ക് മുടക്കമുള്ള ശമ്പളവും ആനുകൂല്യങ്ങളും കർഷകർ വിതരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന പെരുമഴ കർഷകരെയും തൊഴിലാളികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. നെടുമങ്ങാട്, വിതുര, കാട്ടാക്കട, വെഞ്ഞാറമൂട്, പാലോട്, മടത്തറ ഭാഗങ്ങളിലാണ് മലഞ്ചരക്ക് വിപണികൾ സജീവമായിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ മഴയും ശമനമില്ലാതെ തുടരുകയാണ്. പച്ചക്കുരുമുളക്, ഒട്ടുപാൽ, ജാതിക്ക, ജാതിപരിപ്പ്, ജാതിപ്പത്രി, ഗ്രാമ്പു, കൊട്ടപ്പാക്ക്, ചമ്പൻ മുതലായ ഉത്പന്നങ്ങൾക്കും ലോക്ക്ഡൗൺ പിന്നിട്ട ശേഷമുള്ള ഏറ്റവും മികച്ച വില ലഭിക്കുന്നുണ്ട്.

 ഭീഷണിയായി ഇറക്കുമതി

വിലയിടിച്ചിലും പ്രകൃതിക്ഷോഭവും നിമിത്തം ദുരിതത്തിലായിരുന്ന മലയോര കർഷകർക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് ഇപ്പോൾ മലഞ്ചരക്ക് വിപണിയിലുണ്ടായ പുത്തനുണർവ്. ഡിമാന്റ് വർദ്ധിച്ചതോടെ ഉത്പന്നങ്ങളുടെ ഇറക്കുമതിയും വ്യപകമാണെന്ന് വ്യാപാരികൾ പറയുന്നു. ഇത് മലഞ്ചരക്ക് വിപണിയിൽ ഇപ്പോഴുള്ള ഉണർവിനെ കെടുത്തുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്. അഞ്ഞൂറോളം പ്രധാന ചെറുകിട തോട്ടങ്ങളും നൂറുകണക്കിന് പരമ്പരാഗത കർഷകരും വ്യാപാരികളും ആയിരക്കണക്കിന് തൊഴിലാളികളും ഉൾക്കൊള്ളുന്നതാണ് നെടുമങ്ങാട് താലൂക്കിലെ മലഞ്ചരക്ക് വിപണി.

 മലഞ്ചരക്ക് ഉത്പന്നങ്ങളുടെ വിപണി വില

(ഒരാഴ്ച മുമ്പത്തേതും ഇപ്പോഴത്തേതും)

 റബർ - 167 - 172

 ഒട്ടുപാൽ - 107 - 112

 കുരുമുളക് 430 - 470

 പച്ചക്കുരുമുളക് 105 - 117

 കൊട്ടപ്പാക്ക് 340 - 350

 ജാതിക്ക 230 - 250

 ജാതിപ്പരിപ്പ് 460 - 500

 ജാതിപ്പത്രി 1000 - 1100

 ഗ്രാമ്പു 550 - 570

 ചമ്പൻ 40 - 45

Advertisement
Advertisement